കല്‍പ്പറ്റ: കൊവിഡ്-19 നിയന്ത്രണത്തിന്റെ ഭാഗമായുള്ള സുരക്ഷനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ല കലക്ടര്‍ പൂട്ടിയ സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ മാസം വില്‍പ്പന കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. നഗരസഭയുടെ നേതൃത്വത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വ്യാഴാഴ്ച മുതല്‍ വില്‍പ്പന കേന്ദ്രങ്ങളുടെ പ്രവര്‍ത്തിച്ചു തുടങ്ങിയത്. മത്സ്യ-മാംസ മാര്‍ക്കറ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഒരു സമയം ഒരു സ്റ്റാളില്‍ രണ്ടുപേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. മാര്‍ക്കറ്റിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളെല്ലാം അടച്ച്, ഒരുവഴി മാത്രമാക്കി. മാര്‍ക്കറ്റിൽ എത്തുന്നവര്‍ മുഖാവരണം ധരിക്കുന്നതിന് പുറമെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുകലും നിര്‍ബന്ധമാക്കി. മാര്‍ക്കറ്റിന് മുന്‍വശത്ത് വാഹന പാര്‍ക്കിങ് നിരോധിച്ചു. 

ലോക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് മാംസവില്‍പ്പന കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച കളക്ടര്‍ മാംസവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ ഉത്തരവിട്ടത്. കൊവിഡ്-19 പ്രതിരോധ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് കച്ചവടത്തിനുള്ള സൗകര്യമൊരുക്കാമെന്ന് ഇതോടെ നഗരസഭ അറിയിച്ചു. 

ഹോം ഡെലിവറിയായി മാംസം നല്‍കാന്‍ കഴിയാത്തതിനാലും റംസാന്‍ നോമ്പ് കാലമായതിനാലും ഉത്തരവില്‍ ഇളവ് നല്‍കണമെന്ന് നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന നിയന്ത്രണം തുടരുമെന്നും നഗരസഭ ഒരുക്കിയ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ചെയര്‍മാന്‍ ടി.എല്‍. സാബു വ്യാപാരികളോട് ആവശ്യപ്പെട്ടു.