ക്യാമ്പസിലെ വീണു കിടക്കുന്നതും അപകട ഭീഷണിയുള്ളതുമായ മരങ്ങൾ 302700 രൂപക്ക് ലേലം ചെയ്തിരുന്നു. ഇതിന്‍റെ കൂട്ടത്തിൽ ആണ് വിലമതിക്കാനാവാത്ത 11 വൻമരങ്ങളും മുറിച്ചു കടത്തിയത്
പാലക്കാട്: ലൈവ്സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ വളപ്പിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ കീഴിലെ മണ്ണാർക്കാട് തിരുവിഴാംകുന്ന് ലൈവ്സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ വളപ്പിലാണ് സംഭവം. ക്യാമ്പസിലെ വീണു കിടക്കുന്നതും അപകട ഭീഷണിയുള്ളതുമായ മരങ്ങൾ 302700 രൂപക്ക് ലേലം ചെയ്തിരുന്നു. ഇതിന്‍റെ കൂട്ടത്തിൽ ആണ് വിലമതിക്കാനാവാത്ത 11 വൻമരങ്ങളും മുറിച്ചു കടത്തിയത്. മരുത്, ആഞ്ഞിലി, പാല, വെന്തേക്ക്, താനി തുടങ്ങിയ മരങ്ങളാണ് മുറിച്ചു കടത്തിയത്. ലൈവ് സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ അസിസ്റ്റന്റ് പ്രൊഫസർ പ്രസാദാണ് പരാതി നൽകിയത്. മരം ലേലത്തിന് എടുത്ത അലനല്ലൂർ ചോലം പറമ്പിൽ സജിത്ത് മോൻ, സഹായികളായ ലുക്മാൻ,ഹുസൈൻ എന്നിവർക്കെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.

