ആലപ്പുഴ: ബസില്‍നിന്നിറങ്ങിയ യാത്രക്കാരിയുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസിന്റെ  പിന്‍ചക്രം കയറി പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടുവഴി മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍(52)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5.30ഓടെ പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനിലായിരുന്നു അപകടം. കായംകുളത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു കുഞ്ഞുമോള്‍. മുന്‍വാതിലിലൂടെ ബസില്‍നിന്നിറങ്ങി പിന്നിലേക്ക് നടന്നുവരുന്നതിനിടെ യാത്രപുറപ്പെട്ട ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഇടതുകാല്‍പ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.