കേരളത്തിൽ എങ്ങനെ എത്തിയെന്ന് രാംരാജിന് ഓർമ്മയില്ല. മണ്ണഞ്ചേരി പൊലീസ് പട്രോളിംഗിനിടെ വളവനാട് ഭാഗത്തു നിന്ന് ബോധരഹിതനായ നിലയിലാണ് രാംരാജിനെ കണ്ടെത്തിയത്.
ആലപ്പുഴ: മണ്ണഞ്ചേരി പൊലീസ് കഴിഞ്ഞ 26 ന് വളവനാട് ഭാഗത്ത് നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തി ശാന്തി ഭവനിൽ എത്തിച്ച തമിഴ്‌നാട് വേലൂർ സ്വദേശി രാംരാജ് (32)നെ തേടിബന്ധുക്കൾ പുന്നപ്ര ശാന്തി ഭവനിൽ എത്തി. വേലൂർ നേതാജി വെജിറ്റബിൾ മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളിയാണ് രാംരാജ്. ഫെബ്രുവരി 25 ന് ജോലിക്കായി വേലൂർ ഓൾഡ് ടൗണിലുള്ള വീട്ടിൽ നിന്ന് ഇറങ്ങിയ രാംരാജിനെ പിന്നീട് കാണാതാകുകയായിരുന്നു.
കേരളത്തിൽ എങ്ങനെ എത്തിയെന്ന് രാംരാജിന് ഓർമ്മയില്ല. മണ്ണഞ്ചേരി പൊലീസ് പട്രോളിംഗിനിടെ വളവനാട് ഭാഗത്തു നിന്ന് ബോധരഹിതനായ നിലയിലാണ് രാംരാജിനെ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യം ഉള്ളിൽ ചെന്ന് ബോധരഹിതനായതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം മണ്ണഞ്ചേരി പൊലീസ് പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനുമായി സംസാരിച്ച ശേഷം ശാന്തി ഭവനിൽ എത്തിച്ചു.
ബന്ധുക്കൾ വേലൂർ സ്റ്റേഷനിൽ മിസിംഗ് കേസും കൊടുത്തിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കുകയും രാംരാജ് പുന്നപ്ര ശാന്തി ഭവനിൽ അന്തേവാസിയായി താമസിക്കുന്നുണ്ടെന്ന് പൊലീസ് ബന്ധുക്കൾക്ക് വിവരം കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ രാംരാജിന്റെ ഭാര്യ പ്രിയ, സഹോദരൻ അനീഷ് കുമാർ, സഹോദരി ഗായത്രി, രാംരാജിന്റെ മക്കളായ കവിനിഷ, ശിവാനി, ധൻഷിക എന്നിവർ ശാന്തി ഭവനിലെത്തി. മണ്ണഞ്ചേരി പൊലീസിന്റെ അനുമതിയോടെ ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ രാംരാജിനെ ബന്ധുക്കൾക്കൊപ്പം യാത്രയാക്കി.
