22കാരനായ ഗുരുവായൂർ സ്വദേശി ലിറോയ് ജോഷിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

തൃശൂർ: തിരുനാളിന്റെ ഭാഗമായി വള എഴുന്നള്ളിപ്പ് കൊണ്ടുവരുന്നതിനിടെ താക്കോൽ കൊണ്ട് യുവാവിനെ തലയിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൈക്കാട് പാലുവായ് സ്വദേശി ചെറുവത്തൂർ റിനോയ് ( 30) എന്നയാളെയാണ് ഗുരുവായൂർ അസി. കമ്മീഷണർ ടി.എസ്. സിനോജിൻ്റെ നേതൃത്വത്തിൽ പാവറട്ടി എസ് എച്ച് ഒ ആൻ്റണി ജോസഫ് നെറ്റോ അറസ്റ്റ് ചെയ്തത്. 

ഗുരുവായൂർ സ്വദേശി ലിറോയ് ജോഷി(22)ക്കാണ് പരിക്കേറ്റത്. തലയിൽ കുത്തിക്കയറിയ ചാവി അമല ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ഞായറാഴ്ച രാത്രി 12 മണിയോടെ പാവറട്ടി പള്ളിനടയിലാണ് സംഭവം. ഒരു ക്ലബിന്റെ വരവ് ആഘോഷ പരിപാടിയിൽ സുഹൃത്തുക്കളുമായി ഡാൻസ് കളിച്ചിരുന്ന ലിറോയും മറ്റൊരാളും ദേഹത്ത് തട്ടി എന്ന കാര്യം പറഞ്ഞ് തുടങ്ങിയ തർക്കത്തെത്തുടർന്നാണ് ലിറോയ്ക്ക് തലയുടെ പിറകിൽ താക്കോൽ കൊണ്ട് കുത്തേറ്റത്.