പള്ളിയുടെ ഭണ്ഡാരം കള്ളന്മാർ എടുത്ത് കൊണ്ട് പോയി.

കാസർകോട്: ഉളിയത്തടുക്കയിൽ പള്ളിയിൽ അടക്കം മൂന്നിടത്ത് മോഷണം. പള്ളിയുടെ ഭണ്ഡാരം കള്ളന്മാർ എടുത്ത് കൊണ്ട് പോയി. രണ്ട് കടകളിലും മോഷണം നടന്നു. പുലർച്ചെയാണ് പള്ളിയത്തടുക്കയിലെ ബദ്ർ ജുമാ മസ്ജിദിൽ മോഷണം നടന്നത്. പള്ളിയുടെ പുറത്ത് സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി മോഷ്ടാക്കൾ എടുത്ത് കൊണ്ട് പോവുകയായിരുന്നു. ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞു. 

രണ്ട് പേരാണ് പുലർച്ചയ്ക്ക് പള്ളിയിലെത്തി മോഷ്ടിക്കുന്നത്. ഭണ്ഡാരത്തിൽ എത്ര രൂപയുണ്ടെന്ന് വ്യക്തമല്ല. പള്ളിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാറക്കട്ടയിലെ ജാബിറിന്റെ പലചരക്ക് കടയിലും മോഷണം നടന്നു. കടയിലുണ്ടായിരുന്ന ഏഴായിരത്തോളം രൂപ കള്ളന്മാർ കൊണ്ടുപോയി. മധൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തായി പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടയുടെ ഷെഡ്ഡ് തകര്‍ത്തും മോഷണം നടന്നു.

ഇവിടെ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. വിദ്യാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നു സ്ഥലത്തും മോഷ്ടിച്ചത് ഒരേ സംഘം ആണെന്നാണ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

രക്തമുറയുന്ന തണുപ്പ്, കാൽവഴുതിയ ഉയിരുകൾ, ജീവനെടുക്കുന്ന ഇരുണ്ട മുഖം; ഇതുവരെ അഞ്ചുപേര്‍, പുഴകളുടെ സംഗമകേന്ദ്രം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം