ഒരൊറ്റ രാത്രി മൂന്നിടങ്ങളില്‍ മോഷണ ശ്രമം, എല്ലാം പരാജയപ്പെട്ടു; ഒടുവില്‍ സിസിടിവി ക്യാമറകളുമായി മുങ്ങി
രണ്ടംഗ സംഘത്തിൽ ഒരാള് ഹെൽമെറ്റ് ധരിച്ചിട്ടുണ്ട് മറ്റൊരാൾ മുഖം മൂടിയും ധരിച്ചിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ചാണ് പൂട്ട് പൊട്ടിക്കാൻ ശ്രമം നടത്തിയത്.

തിരുവനന്തപുരം: കാട്ടാക്കടയിൽ മൊബൈൽ കടകളിൽ മോഷണശ്രമം. മോഷണ ശ്രമം പാളിയതോടെ സിസിടിവി ക്യാമറകളുമായി കള്ളന്മാർ കടന്നു. വ്യാഴാഴ്ച രാത്രിയോടെ കാട്ടാക്കട മാർക്കറ്റ് റോഡിലെ മൂന്ന് മൊബൈൽ കടകളിലാണ് മോഷണ ശ്രമം നടന്നത്. കട്ടക്കോടു റോഡിലെ എസ്.കെ മൊബൈൽസിന്റെ പൂട്ട് അടിച്ചു തകർത്ത രണ്ടംഗ സംഘം ഷട്ടർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കടയുടെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന രണ്ട് സി.സി.ടി.വി ക്യാമറകൾ കള്ളന്മാർ പൊട്ടിച്ചെടുത്ത് കടന്നു.
തുടർന്ന് ഇതേ സംഘം കുളത്തുമ്മൽ എൽ പി സ്കൂളിന് മുൻവശത്തുള്ള അപ്പുക്കിളി മൊബൈൽസിലും പൂട്ട് പൊട്ടിച്ച് അകത്തു കടക്കാൻ ശ്രമിച്ചു. ഇവിടെയും ഇവരുടെ ശ്രമം പാളിയതോടെ ഇതും ഉപേക്ഷിച്ചു മാർക്കറ്റ് റോഡിൽ സി.എസ്.ഐ പള്ളിക്ക് സമീപം ക്രിസ്ത്യൻ കോളേജ് റോഡിലെ സ്റ്റാർ ഹാഷ് മൊബൈലിലും പൂട്ടുപൊട്ടിച്ച് അകത്തുകടക്കാനുള്ള ശ്രമം നടത്തി. ഇവിടെയും ഇവരുടെ ശ്രമം പാളി.
രണ്ടംഗ സംഘത്തിൽ ഒരാള് ഹെൽമെറ്റ് ധരിച്ചിട്ടുണ്ട് മറ്റൊരാൾ മുഖം മൂടിയും ധരിച്ചിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ചാണ് പൂട്ട് പൊട്ടിക്കാൻ ശ്രമം നടത്തിയത്. അതെ സമയം വിരലടയാളം പതിയാതെ ഇരിക്കാനായി പ്ലാസ്റ്റിക് കവർ കൈയിൽ ധരിക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്. വ്യാപാരികൾ കാട്ടാക്കട പോലീസിൽ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി പരിശോധന നടത്തി മടങ്ങി. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ കോവളം വെള്ളാറിൽ ലോഡ്ജിലെ താമസക്കാരായ രണ്ട് പേർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് കഴുത്തിലും കവിളിലും കുത്തേറ്റു. കുത്തിയയാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ വില്ലേജിൽ മുട്ടയ്ക്കാട് വെള്ളാർ നെല്ലിവിള മേലെ തട്ട് വിള വീട്ടിൽ രാജേന്ദ്രനാണ് (52) ഇടത് കവിളിലും കഴുത്തിലും കത്തികൊണ്ട് കുത്തേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കളിപ്പാൻകുളം മണക്കാട് വലിയപള്ളിക്ക് സമീപം അസ്കർ ഹൗസിൽ നിന്നും വെള്ളാർ മുട്ടയ്ക്കാട് പൂവരശ് വിള പുത്തൻവീട്ടിൽ താമസിക്കുന്ന ഹാജയെ(59) ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെള്ളാറിലെ സിത്താര ലോഡ്ജിലാണ് കത്തിക്കുത്ത് നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ സുഹൃത്തിനെ കാണാൻ പോയതുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...