ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി പരിശോധന നടത്തി. മോഷണം നടന്ന റൂം സുരക്ഷിതമല്ലാത്തതിനാൽ ചോദ്യപേപ്പർ മറ്റൊരിടത്തേക്ക് മാറ്റി.

കൊച്ചി: മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയർസെക്കന്‍ററി സ്കൂളിൽ നടന്ന മോഷണത്തിൽ ഹയർസെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ എം എസ് വിവേകാനന്ദൻ. ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി പരിശോധന നടത്തി. മോഷണം നടന്ന റൂം സുരക്ഷിതമല്ലാത്തതിനാൽ ചോദ്യപേപ്പർ മറ്റൊരിടത്തേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് ചോദ്യപ്പേപ്പർ സൂക്ഷിച്ചിരുന്ന റൂമിന്‍റെ വാതിൽ തകർത്ത് മോഷ്ടാവ് അകത്ത് കയറിയത്.

ഇന്നലെ രാത്രി പത്തിനും പതിനോന്നിനുമിടയില്‍ മോഷണം നടന്നെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന റൂമിൻ്റ വാതിൽ കല്ലുകൾ കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഇന്ന് സ്കൂളിലെത്തിയ ജിവനക്കാരാണ് വാതില്‍ തകര്‍ന്ന നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ മൂവാറ്റപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചോദ്യപേപ്പര്‍ സീല്‍ ചെയ്ത് സൂക്ഷിച്ച അലമാര കുത്തിതുറക്കാന‍് ശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. 

മുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്മായിട്ടുണ്ട്. മോഷ്ടാവിന്‍റെ ലക്ഷ്യം പണം കവരുകയാണെന്ന നിഗമനത്തിലാണ് മൂവറ്റുപുഴ പൊലീസ്. പൊലീസ് ഇങ്ങനെ പറയുമ്പോഴും ചോദ്യപേപ്പര്‍ ചോര്‍ന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഹയര്‍സെക്കന്‍ററി വിഭാഗം. ഇതിനായി ഡയറക്ടേറ്റിലെ പരീക്ഷയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ സ്കൂളിലെത്തി പരിശോധന നടത്തി. മോഷണം നടന്ന റൂം സുരക്ഷിതമല്ലാത്തതിനാൽ ചോദ്യപേപ്പർ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.