ബേക്കർ സ്കൂളിൽ കയറി പണവും, മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: നഗരത്തിലെ ബേക്കർ സ്കൂളിൽ കയറി പണവും, മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശികളായ സുധി സുരേഷ്, വിനോജ്കുമാർ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് ഈ മാസം പതിനൊന്നാം തീയതി രാത്രി സ്കൂളിന്റെ ഓഫീസ് റൂമിലും, അധ്യാപകരുടെ സ്റ്റാഫ് റൂമിലും, പ്രിൻസിപ്പലിന്റെ റൂമിലെയും താഴുകൾ തകർത്ത് അകത്ത് കയറി 40,000 രൂപ വില വരുന്ന ഡിജിറ്റൽ ക്യാമറകളും, 44,000 രൂപ വില വരുന്ന ഡിജിറ്റൽ ഉപകരണങ്ങളും മോഷ്ടിച്ചു.
അധ്യാപകരുടെ സ്റ്റാഫ് റൂമിൽ വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശേഖരിച്ചിരുന്ന നാണയങ്ങളും, കറൻസി നോട്ടുകളും ഉൾപ്പെടെയുള്ള പണവും ഇരുവരും കവർന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന വിനോജ് കുമാറിനെ കൊല്ലത്തു നിന്നും, സുധി സുരേഷിനെ വണ്ടിപ്പെരിയാറിൽ നിന്നും പിടികൂടുകയായിരുന്നു.
ഇവർ മോഷ്ടിച്ച സി സി ടി വി ക്യാമറകളുടെ ഡി വി ആറും, ഹാർഡ് ഡിസ്കുകളും സമീപത്തുള്ള കിണറ്റിൽ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിലുള്ള എകെജെ എം ഹൈസ്കൂളിൽ മോഷണം നടത്തിയതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം, കാസർകോട് പുത്തിഗെ മുഗുവിലെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. വീട്ടുകാർ ക്ഷേത്രോത്സവത്തിന് പോയ സമയത്ത് 25 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. മുഗുവിലെ പ്രസാദ് റൈയുടെ വീട്ടിലാണ് പട്ടാപ്പകൽ കള്ളൻ കയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. തൊട്ടടുത്തുള്ള സുബ്രായ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒന്നരയോടെ വീടുപൂട്ടി എല്ലാവരും ക്ഷേത്രത്തിലേക്ക് പോയിരുന്നു. രണ്ട് മണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
