രാവിലെ കാറുമായി കുമളിയിൽ നിന്ന് ബൈസൺ വാലിയിലേക്ക് പോകും. പോകുന്ന വഴി ഒഴിഞ്ഞുകിടക്കുന്ന കാറുകൾ നോക്കി വയ്ക്കും. രാത്രിയിലെത്തി ഇതിലെ യന്ത്രങ്ങൾ, ഇന്ധനം എന്നിവ മോഷ്ടിക്കും
ഇടുക്കി: ഒറ്റപ്പെട്ട് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് രാത്രിയിൽ മോഷണം നടത്തി വരുന്ന സംഘത്തെ തിരിച്ചറിഞ്ഞ് പൊലീസ്. വാഹനങ്ങളുടെ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ കുമളി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് രാത്രിയിലെ വാഹനത്തിലെ യന്ത്രങ്ങളും ഇന്ധനവും മോഷ്ടിച്ച കേസിലെ വിവരങ്ങളും ലഭിച്ചത്. മാസങ്ങളായി പൊലീസിന് തലവേദനയായ ഇന്ധന മോഷണക്കേസിനാണ് ഇതോടെ തുമ്പായത്. മോഷണക്കേസിൽ റിമാന്റ് ചെയ്ത മുരിക്കടി പുളിമൂട്ടിൽ മുഹമ്മദ് ഇസ്മായിൽ (22), മുരിക്കടി കാവിളയിൽ ശരത് (22) എന്നിവരെയാണ് കമ്പംമെട്ട്, കുമളി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്.
രാവിലെ കാറുമായി കുമളിയിൽ നിന്ന് ബൈസൺ വാലിയിലേക്ക് പോകും. പോകുന്ന വഴി ഒഴിഞ്ഞുകിടക്കുന്ന കാറുകൾ നോക്കി വയ്ക്കും. രാത്രിയിലെത്തി ഇതിലെ യന്ത്രങ്ങൾ, ഇന്ധനം എന്നിവ മോഷ്ടിക്കും. ഇത് കാറിൽ സൂക്ഷിക്കും, ഇതാണ് പ്രതികളുടെ പതിവ്. ഫെബ്രുവരി 6 ന് പുലർച്ചെ കമ്പംമെട്ട് സ്വദേശി എം എസ് കിരണിന്റെ ബൈക്കിന്റെ യന്ത്രങ്ങളും കണ്ണാടിയും മോഷ്ടിച്ചിരുന്നു. സമീപവാസിയായ കെ എസ് വിഷ്ണുവിന്റെ കാറിലെ സ്പീക്കർ സെറ്റും പ്രതികൾ മോഷ്ടിച്ചു.
ഇതിന് പുറമെ വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷണം പോകുന്നതായും യന്ത്രങ്ങൾ നഷ്ടപ്പെടുന്നതായും അതിർത്തികളിലെ വിവിധ സ്റ്റേഷനുകളിൽ പരാതി ലഭിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെ കമ്പംമെട്ടിൽ നിന്ന് കാണാതായ വാഹനങ്ങളുടെ പാർട്സുകൾ ഉൾപ്പെടെ ഇവർ മോഷ്ടിച്ചെടുത്ത സാധനങ്ങൾ മുരിക്കടിയിലെ പ്രതികളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
മോഷണം പതിവായതോടെ നാട്ടുകാരും പ്രതികളെ പിടിക്കാൻ രംഗത്തിറങ്ങി. നാട്ടുകാരുടെ സഹരകരണത്തോടെയാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്.
