പ്രവാസി കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭമായ പ്രവാസി ചിക്കന്‍ സ്റ്റാളില്‍ നിന്ന് 10000 ല്‍ അധികം രൂപ നഷ്ടപ്പെട്ടതായി നടത്തിപ്പുകാരനായ ഷമീര്‍ പറഞ്ഞു

കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ നരിക്കുനി, എളേറ്റില്‍ വട്ടോളി എന്നിവിടങ്ങളിലെ മൂന്ന് കോഴിക്കടകളില്‍ മോഷണം. പുലര്‍ച്ചെ നാല് മണിയോടെയാണ് മോഷണം നടന്നത്. നരിക്കുനി-പൂനൂര്‍ റോഡില്‍ ഹുസൈന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള അമാന ചിക്കന്‍ സ്റ്റാളിലും, നെല്ലിയേരിതാഴത്തുള്ള ചിക്കന്‍ സ്റ്റാളിലും എളേറ്റില്‍ വട്ടോളിയിലെ പാലങ്ങാട് റോഡിലെ പ്രവാസി ചിക്കന്‍ സ്റ്റാളിലുമാണ് മോഷണം നടന്നത്.

പ്രവാസി കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭമായ പ്രവാസി ചിക്കന്‍ സ്റ്റാളില്‍ നിന്ന് 10000 ല്‍ അധികം രൂപ നഷ്ടപ്പെട്ടതായി നടത്തിപ്പുകാരനായ ഷമീര്‍ പറഞ്ഞു. പുലര്‍ച്ചെ കോഴി എത്തിക്കുന്ന വണ്ടിക്കാര്‍ക്ക് കൈമാറാന്‍ സൂക്ഷിച്ച തുകയാണ് നഷ്ടപ്പെട്ടത്. മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരു വ്യക്തി തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം. ഒരു കടയില്‍ നിന്നുള്ള മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുന്നിട്ടുണ്ട്. കടയിലെ താക്കോല്‍ സൂക്ഷിച്ച സ്ഥലത്തെ കുറിച്ച് അറിയുന്ന ആളാണ് മോഷണം നടത്തിയതെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മുക്കം കാരശ്ശേരിയില്‍ വീടിന്‍റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു എന്നതാണ്. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയപ്പോഴാണ് സംഭവം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട ചെറിയ വീട്ടിലാണ് വലിയ മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടു മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. ഈ സമയം വീട്ടുകാര്‍ സമീപത്തു തന്നെയുള്ള ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തിന് പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു. ഷെറീനയുടെ മകളുടെ 25 പവനോളം ആഭരണങ്ങളാണ് നഷ്ടമായത്. അലമാരയിലെ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. സ്വര്‍ണ്ണമല്ലാതെ മറ്റു വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല. ബന്ധുക്കളിലൊരാളെയാണ് വീട്ടകാര്‍ക്ക് സംശയം. ഇയാളുടെ പേരുള്‍പ്പെടെയാണ് മുക്കം പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെ കേന്ദ്രീകരിച്ചും സമീപത്തെ സിസിടിവികള്‍ പരിശോധിച്ചുമാണ് മുക്കം പൊലീസിന്‍റെ അന്വേഷണം. വീട്ടുകാരെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് മോഷണത്തിന് പിന്നില്‍. താമരശ്ശേരി ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. 

വീട്ടുകാർ വിവാഹ സൽക്കാരത്തിന് പോയി, ഓടിളക്കി കള്ളൻ അകത്തു കയറി, 25 പവനോളം നഷ്ടമായി; ബന്ധുവിനെതിരെ പരാതി