Asianet News MalayalamAsianet News Malayalam

വീടിനുള്ളിലെ അജ്ഞാത ശബ്ദം, പ്രേതബാധയാണോ ശാസ്ത്രമോ എന്ന് അന്വേഷിച്ച് മന്ത്രിയും; സാധ്യതകള്‍ ഇവ

അഞ്ച് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടിന് ആറുമാസം മുന്‍പാണ് മേല്‍നില പണിതത്. താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ മുകളിലെ നിലയില്‍ നിന്നും മുകളിലെ നിലയിലെത്തുമ്പോള്‍ താഴെ നിലയില്‍ നിന്നുമാണ് അജ്ഞാത ശബ്ദം കേള്‍ക്കുന്നത്. 

these are the possibilities behind rare sound occurring in house in Kozhikode
Author
Poloor Sree Subramanya Swami Temple., First Published Sep 28, 2021, 8:54 PM IST

ഏറെ ആശിച്ച്  നിര്‍മ്മിച്ച വീട്ടില്‍ നിന്ന് താല്‍ക്കാലികമായി മാറി താമസിക്കേണ്ട ഗതികേടിലാണ് പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവും കുടുംബവും. രണ്ടാം നില(Second Floor) നിര്‍മ്മിച്ചതിന് പിന്നാലെ അടുത്തിടെയാണ് വീടിനുള്ളില്‍ ചില അജ്ഞാത ശബ്ദങ്ങള്‍ (Unidentified sounds) കേള്‍ക്കാന്‍ തുടങ്ങിയത്. ആദ്യം തോന്നലാവുമെന്ന് കരുതിയെങ്കിലും പിന്നീട് ശബ്ദം കേള്‍ക്കുന്നത് തോന്നലല്ലെന്ന് വ്യക്തമായി. പരിസരത്തുള്ള മറ്റ് വീടുകളില്‍ ഇത്തരം പ്രതിഭാസമൊന്നും (Rare phenomenon) അനുഭവപ്പെടാതിരുന്നതോടെ കുടുംബം ആശങ്കയിലായി.

താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ മുകളിലെ നിലയില്‍ നിന്നും മുകളിലെ നിലയിലെത്തുമ്പോള്‍ താഴെ നിലയില്‍ നിന്നുമാണ് അജ്ഞാത ശബ്ദം കേള്‍ക്കുന്നത്.  ഹാളില്‍ പാത്രത്തിനുള്ളില്‍ വെള്ളം നിറച്ചുവച്ചപ്പോള്‍ പുറത്തേക്ക് ഒഴുകുന്ന അവസ്ഥ കൂടിയായതോടെ ഭീതി പ്രദേശത്തെങ്ങും പരന്നു. അഞ്ച് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച വീടിന് ആറുമാസം മുന്‍പാണ് മേല്‍നില പണിതത്. ജിയോളജി വിഭാഗം ഉദ്യോഗസ്ഥരും മണ്ണ്  സംരക്ഷണ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും പരിശോധിച്ചെങ്കിലും ശബ്ദം കേട്ടതല്ലാതെ പ്രശ്നം എന്താണെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല.

ഒരു വീട്ടില്‍ മാത്രമായി അനുഭവപ്പെടുന്നതിനാല്‍ ഭൂകമ്പ സാധ്യതകള്‍ വിദഗ്ധര്‍ തള്ളിക്കളയുകയാണ്. മണ്ണോ പാറയോ നീക്കം ചെയ്ത ശേഷം പിന്നീട് മണ്ണ് നിറച്ച പ്രദേശത്താണെങ്കില്‍ ചെളിയില്‍ നിന്ന് വായുവിനെ പുറം തള്ളുമ്പോള്‍ ഇത്തരം ശബ്ദം കേള്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജിയോളജി വിഭാഗം വിദഗ്ധര്‍ വിലയിരുത്തുന്നത്. ലാറ്ററേറ്റ് മണ്ണ് ഉള്ള പ്രദേശത്ത് മണ്ണ് നീക്കിയ ശേഷം വീണ്ടും മണ്ണ് നിറച്ച് കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഭാരം ഭൂമിയിലേക്ക് വരുന്നു. ഈ ഭാരത്തെ ക്രമീകരിക്കാനായി ചെളി ചില സ്വയം ക്രമീകരണങ്ങള്‍ നടത്താറുണ്ട്. നിലവില്‍ അജ്ഞാത ശബ്ദം കേട്ട വീടിന് സമീപത്ത് നിന്ന് അടുത്തിടെ മണ്ണ് നീക്കം ചെയ്ത സാഹചര്യവുമുണ്ട്. അതിനാല്‍ പോലൂരിലും സംഭവിക്കുന്നത് സമാനമായ എന്തെങ്കിലും പ്രതിഭാസമാകാനാണ് സാധ്യതയെന്നാണ് ജിയോളജി വിദഗ്ധര്‍ പറയുന്നത്.

വീടിനുള്ളില്‍ നിന്ന് ഇടയ്ക്കിടെ മുഴക്കം കേള്‍ക്കുന്നത് നാട്ടുകാരിലും ആശങ്ക പരത്തിയതോടെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഈ വീട് സന്ദര്‍ശിച്ചു. ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. റവന്യൂ, ദുരന്ത നിവാരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശത്തെ കുറിച്ചു വിശദമായ പഠനം നടത്തുന്നതിനായി ഉന്നത സംഘത്തെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. റെസിസ്റ്റിവിറ്റി പഠനം പോലുള്ളവ ആവശ്യമുണ്ടോയെന്നും ഉന്നത സംഘം വിലയിരുത്തുമെന്ന് മന്ത്രി വിശദമാക്കി. എന്തായാലും കാര്യങ്ങള്‍ക്ക് തീരുമാനം ആകുന്നത് വരെ താല്‍ക്കാലികമായി വീട്ടില്‍ നിന്ന് മാറി താമസിക്കാനാണ് കുടുംബത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 
 

Follow Us:
Download App:
  • android
  • ios