കേരളത്തിലും തമിഴ്നാട്ടിലുമായി നിർമാണത്തൊഴിലാളിയായി ജോലി നോക്കിയ ഇയാൾ ഇടയിൽ വിവാഹം കഴിച്ചിരുന്നതായും ഭാര്യയുമായി പിരിഞ്ഞ് കഴിയുകയുമായിരുന്നെന്നാണ് വിവരം
തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രതി 29 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. തിരുവനന്തപുരം പാറശാലക്ക് സമീപം പളുകൽ സ്വദേശി ജയകുമാർ (50) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്. 1996 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് പൊലീസിന് പിടികൊടുക്കാതെ ഒളിവിലായിരുന്ന പ്രതി വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് വിവിധ സ്ഥലങ്ങളിൽ താമസിച്ചുവരികയായിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലുമായി നിർമാണത്തൊഴിലാളിയായി ജോലി നോക്കിയ ഇയാൾ ഇടയിൽ വിവാഹം കഴിച്ചിരുന്നതായും ഭാര്യയുമായി പിരിഞ്ഞ് കഴിയുകയുമായിരുന്നെന്നാണ് വിവരം. ഒടുവിൽ കൊല്ലം ശക്തികുളങ്ങരയിൽ താമസിച്ച് വരികയായിരുന്ന ഇയാൾ തിരുവനന്തപുരത്ത് എത്താൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിൽ കാട്ടാക്കടയ്ക്ക് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു.
നെയ്യാറ്റിൻകര ഡി വൈ എസ് പി ചന്ദ്രദാസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാട്ടാക്കട കണ്ടല ഭാഗത്തുള്ള സുഹൃത്തിനെ കാണാൻ എത്തിയ പ്രതിയെ പൊലീസ് വളഞ്ഞ് പിടികൂടിയത്. പാറശാല എസ് ഐ ദീപുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
