ചിറയിൻകീഴിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ കെട്ടിയിട്ട ശേഷം സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു. കിടപ്പുമുറിയിൽ കയറി അലമാരയിൽ പരിശോധന നടത്തി. പക്ഷെ ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല കള്ളൻ കട്ടിലിൽ കിടന്നു ഉറങ്ങിപ്പോയി. വയോധികയുടെ അവസരോചിത ഇടപെടലിൽ കള്ളൻ പിടിയിലായി

തിരുവനന്തപുരം: മോഷണത്തിനിടെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി കള്ളൻ. ചിറയിൻകീഴിൽ ആണ് സംഭവം. വീട്ടുടമസ്ഥയായ വൃദ്ധയെ കെട്ടിയിട്ട ശേഷമാണ് കള്ളൻ ഉറങ്ങിയത്. വൃദ്ധ സ്വയം കെട്ടഴിച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിടിയിലായ അനസ് നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. ചിറയിൻകീഴിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയെ കെട്ടിയിട്ട ശേഷം സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടു. വീട്ടിൽ സ്വർണം ഒന്നുമില്ലെന്ന് വൃദ്ധ പറഞ്ഞതോടെ മദ്യലഹരിയിൽ ആയിരുന്ന പ്രതി വയോധികയെ മർദ്ദിച്ചു. അവർ ബഹളം വച്ചതോടെ വായിൽ തുണി തിരുകി. തുടർന്ന് കിടപ്പുമുറിയിൽ കയറി അലമാരയിൽ പരിശോധന നടത്തി. പക്ഷെ ഒന്നും കിട്ടിയില്ല. നല്ല ഫിറ്റായിരുന്ന പ്രതി കട്ടിലിൽ കിടന്നു ഉറങ്ങിപ്പോയി.

അതിനിടെ വയോധിക കൈകാലുകളുടെ കെട്ടുകൾ തന്ത്രപൂർവ്വം അഴിച്ചു. തുടർന്ന് മുറിയിൽ എത്തിയപ്പോഴാണ് പ്രതി കട്ടിലിൽ കിടന്നുറങ്ങുന്നത് കണ്ടത്. ഉടൻ മുറി പുറത്തുനിന്ന് പൂട്ടി സമീപവാസികളെയും ചിറയിൻകീഴ് പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി അനസിനെ അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് സ്വദേശിയായ അനസ് വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ്. വർക്കലയിൽ നിന്നും മുങ്ങി ചിറയിൻകീഴ് എത്തി മോഷണം നടത്തുകയായിരുന്നു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ, വർക്കല എന്നീ സ്റ്റേഷനുകളിലായി 16 കേസുകളിലെ പ്രതിയാണ് അനസ്.