ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ മോഷണം നടന്നു.
തൃശൂർ: ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ മോഷണം. പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ജോണിവാക്കർ ഗോൾഡ് ലേബൽ ഉൾപ്പെടെയുള്ള വിലകൂടിയ വിദേശ മദ്യങ്ങളാണ് കവർന്നത്. സംഭവത്തിൽ ചാലക്കുടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാർ പ്രീമിയം കൗണ്ടറിലെ ഷട്ടർ കുത്തിത്തുറന്ന നിലയിൽ കണ്ടപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉള്ളിൽ കടന്ന മോഷ്ടാക്കൾ ആദ്യം നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു. ശേഷമാണ് മോഷണം നടത്തിയത്.
പ്രധാനമായും വിലകൂടിയ വിദേശ മദ്യങ്ങളായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. 12,000 രൂപയിലധികം വിലവരുന്ന ഡിവേഴ്സും, 9,000 രൂപയുടെ ജോണിവാക്കർ ഗോൾഡ് ലേബലും ഉൾപ്പെടെ 41,270 രൂപ വിലവരുന്ന ഏഴ് വിലകൂടിയ വിദേശ മദ്യക്കുപ്പികളാണ് കവർന്നത്. കൂടാതെ, മേശവലിപ്പിൽ ഉണ്ടായിരുന്ന പണവും മദ്യം വാങ്ങാനെത്തിയ ഒരാൾക്ക് നഷ്ടപ്പെട്ട ആപ്പിൾ വാച്ചും മോഷ്ടാവ് കൈക്കലാക്കി.
കവർച്ചയ്ക്ക് ശേഷം ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായിരുന്നു. പൂട്ട് തകർത്തിരിക്കുന്നത് കണ്ട ജീവനക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ ചാലക്കുടി പോലീസ് കേസെടുത്ത് മോഷ്ടാക്കളെ പിടികൂടാനുള്ള ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

