തിരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ അനുകുമാരി വേറിട്ട പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. സ്വീപ്പിന്റെ ഭാഗമായി വിഴിഞ്ഞത്ത് കടലിനടിയിലും വർക്കലയിൽ പാരാഗ്ലൈഡിംഗും പാരാസെയിലിംഗും നടത്തി വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ പരിപാടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കടലിനടിയിൽ പ്രചാരണം നടത്തിയ കലക്റ്റർ അനുകുമാരിയും സംഘവും ഇന്ന് ആകാശത്തായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ലക്ഷ്യമിട്ടാണ് പുതുമയേറിയ പ്രചാരണപരിപാടികളുമായി ജില്ലാ കലക്റ്ററും സംഘവും ഓരോ സ്ഥലത്തും എത്തുന്നത്. പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. പാരാ ഗ്ലൈഡിംഗ് വ്യത്യസ്തമായ ഒരു അനുഭവമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കാഴ്ചയുടെ ആ മാസ്മരികത ആസ്വദിക്കണമെന്നും അരമണിക്കൂറിലധികം സമയം പാരാ ഗ്ലൈഡിങ് നടത്തിയ ശേഷം ജില്ലാ കളക്ടർ പറഞ്ഞു.
ഇത്രയും മനോഹരമായ തീരദേശം സ്വന്തമായുള്ള ഒരിടമെന്ന നിലയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് പാപനാശത്ത് പാരാസെയിലിംഗും നടത്തി.വോട്ടിംഗിന്‍റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ ഒൻപതിന് എല്ലാവരും പോളിംഗ് സ്‌റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കലക്റ്റർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍റെ ഭാഗമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച സ്‌കൂബാ ഡൈവിംഗും ശ്രദ്ധേയമായിരുന്നു.
