Asianet News MalayalamAsianet News Malayalam

'പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം സജ്ജം'; മാർഗനിർദേശങ്ങള്‍ പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടര്‍

പ്രാഥമിക പരിശോധനകൾക്ക് എല്ലാവരും മെഡിക്കൽ കോളേജിൽ എത്തുന്നതിനു പകരം അടുത്തുള്ള സർക്കാർ ആശുപത്രികളിൽ
പോകുന്നതാണ് ഉചിതം.  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കളക്ടർ

Thiruvananthapuram collector says all preventive measures took in district to prevent covid 19
Author
Thiruvananthapuram, First Published Mar 13, 2020, 8:47 PM IST

തിരുവനന്തപുരം: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനുള്ള സംവിധാനങ്ങൾ ജില്ലയിൽ സജ്ജമാണെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ. കൊറോണ സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിന് വിവിധ ആശുപത്രികളിലായി ബെഡുകൾ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ ഒറ്റ ദിവസം കൊണ്ട് കൂടുതൽ ഐസ്വലേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പും പൂർണമാണ്.

ആവശ്യത്തിന് ആംബുലൻസുകളും ഉറപ്പാക്കിയിട്ടുണ്ട്. കൊറോണ സംശയനിവാരണത്തിനുള്ള ജില്ലാ കൺട്രോൾ റൂമിൽ 30 മെഡിക്കൽ പിജി വിദ്യാർഥികളെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെല്ലാം ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി.  പ്രാഥമിക പരിശോധനകൾക്ക് എല്ലാവരും മെഡിക്കൽ കോളേജിൽ എത്തുന്നതിനു പകരം അടുത്തുള്ള സർക്കാർ ആശുപത്രികളിൽ പോകുന്നതാണ് ഉചിതം.  

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കളക്ടർ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ കഴിയുന്ന ഇറ്റാലിയൻ പൗരനും പുറമെ യുകെയിൽ നിന്ന് തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.  

ഇതാദ്യമായാണ് കേരളത്തിൽ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി. സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകെ 5468 പേര്‍ നിരീക്ഷണത്തിലുണ്ട്. 69 പേര്‍ ഇന്ന് അഡ്മിറ്റായി.

1715 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 1132 ഫലങ്ങളും നെഗേറ്റിവ് ആണ്. ബാക്കി ഫലങ്ങൾക്കായി കാത്തിരിക്കുന്നു. ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios