തിരുവനന്തപുരം നഗരസഭ, ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനായി ജെന്‍ റോബോട്ടിക്സിന്‍റെ 'ജി സ്പൈഡര്‍' എന്ന എഐ റോബോട്ട് കമ്മീഷന്‍ ചെയ്തു. ഇതോടെ, റെയില്‍വേ സ്റ്റേഷന് സമീപമുള്ള അപകടകരമായ ഭാഗം സുരക്ഷിതമായി വൃത്തിയാക്കാന്‍ സാധിക്കും.

തിരുവനന്തപുരം: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അപകടരഹിതമാക്കുന്നതിന്‍റെ ഭാഗമായി ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ അത്യാധുനിക എഐ അധിഷ്ഠിത റോബോട്ടായ 'ജി സ്പൈഡര്‍' നഗരസഭ കമ്മീഷന്‍ ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനും ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സും സംയുക്തമായാണ് പുതിയ സംരംഭം നടപ്പിലാക്കുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ആമയിഴഞ്ചാന്‍ കനാലിലെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും അപകടസാധ്യതയേറിയതുമായ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. 

മുന്‍പ് ഇവിടം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ശുചീകരണത്തൊഴിലാളിയായ ജോയിക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ ഭാഗം ശുചീകരിക്കാന്‍ യന്ത്രവല്‍കൃത സംവിധാനം വേണമെന്ന തിരിച്ചറിവിലാണ് നഗരസഭ മാനുവല്‍ സ്കാവഞ്ചിംഗ് നിരോധന നിയമം കര്‍ശനമായി പാലിച്ചുകൊണ്ട് റോബോട്ടിക് സംവിധാനം സജ്ജമാക്കിയത്. ശുചീകരണത്തൊഴിലാളികള്‍ക്ക് വലിയ വെല്ലുവിളിയായ റെയില്‍വേ സ്റ്റേഷന്‍ പ്രവേശനകവാടം മുതല്‍ ടണല്‍ വരെയുള്ള ഏകദേശം 15 മീറ്റര്‍ ഭാഗം വൃത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. കുറഞ്ഞ ഉയരം, തുടര്‍ച്ചയായ കുത്തൊഴുക്ക്, സുരക്ഷിതമായ പ്രവേശന കവാടങ്ങളുടെ അഭാവം തുടങ്ങിയവ ഇവിടുത്തെ പരമ്പരാഗതരീതിയിലുള്ള ശുചീകരണം അസാധ്യമാക്കുന്നു. ഇതിനാണ് എഐ റോബോട്ട് പരിഹാരമായിരിക്കുന്നത്.