Asianet News MalayalamAsianet News Malayalam

സ്മാര്‍ട്ട് റോഡിനായി വെട്ടിപ്പൊളിച്ചു; ഇന്ന് 'നരകതുല്യ'മായി തലസ്ഥാനത്തെ റോഡുകള്‍

തലസ്ഥാനത്ത് സ്മാര്‍ട്ട് റോഡുകളില്ലെന്ന് പറയാന്‍ പറ്റില്ല. നന്ദന്‍കോട് റോഡ് സ്മാര്‍ട്ടാണ്. കാരണം ആ വഴിയിലാണ് സംസ്ഥാനത്തെ മന്ത്രിമാരുടെ മന്ദിരങ്ങളുള്ളത്. തലസ്ഥാനത്തെ മറ്റ് റോഡുകളെല്ലാം കുഴിയുടെ കാര്യത്തില്‍ മാത്രമാണ് സ്മാര്‍ട്ട്. 

thiruvananthapuram smart road project
Author
First Published Dec 2, 2022, 3:49 PM IST


തിരുവന്തപുരം: തലസ്ഥാനത്തെ സ്മാര്‍ട്ടാക്കാനായിരുന്നു സ്മാര്‍ട്ട് റോഡ് പദ്ധതി (Smart Road Project) കൊണ്ടുവന്നത്. എന്നാല്‍, പദ്ധതിയുടെ പേരില്‍ പൊളിച്ചിട്ട റോഡുകള്‍ നന്നാക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്മാര്‍ട്ടാക്കാനായി വെട്ടി പൊളിച്ചിട്ട റോഡുകള്‍ അതേ നിലയില്‍ തുടരുമ്പോള്‍ ജനങ്ങള്‍ ദുരിത യാത്ര തുടരുന്നു.

9 വാര്‍ഡുകളിലായി 45 കിലോ മീറ്ററില്‍ റോഡ് നവീകരണത്തിന് ആവിഷ്ക്കരിച്ച 430 കോടിയുടെ പദ്ധതി ഇതോടെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും കാരണം അവതാളത്തിലായി. ഇതിനിടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനി പണി നിര്‍ത്തിപ്പോയിട്ട് മാസങ്ങളായി. പകരം പുതിയ കരാറുകാരെ കണ്ടെത്താനോ റോഡ് സ്മാര്‍ട്ടാക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 'എല്ലാ ശരിയാക്കു'മെന്ന് പറഞ്ഞ് തുടങ്ങിയ റോഡ് പണിയാണെങ്കില്‍ ഇപ്പോള്‍ 'എല്ലാം കുള'മായി കിടക്കുന്നു. 

എന്നാല്‍, മറ്റ് ചില റോഡുകള്‍ രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും സ്മാര്‍ട്ടാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതാകട്ടെ മാസങ്ങളായി തകര്‍ന്ന് കിടന്ന ഡിപിഐ - വഴുതക്കാട് റോഡിനെ. പൊലീസ് ട്രയിനിങ്ങ് കോളേജ് റോഡില്‍ അടുത്തിടെ തുറന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ഈ റോഡിന്‍റെ പണി രാത്രിക്ക് രാത്രി തന്നെ അധികൃതര്‍ പൂര്‍ത്തിയാക്കിയതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.   

തലസ്ഥാനത്ത് സ്മാര്‍ട്ട് റോഡുകളില്ലെന്ന് പറയാന്‍ പറ്റില്ല. നന്ദന്‍കോട് റോഡ് സ്മാര്‍ട്ടാണ്. കാരണം ആ വഴിയിലാണ് സംസ്ഥാനത്തെ മന്ത്രിമാരുടെ മന്ദിരങ്ങളുള്ളത്. തലസ്ഥാനത്തെ മറ്റ് റോഡുകളെല്ലാം കുഴിയുടെ കാര്യത്തില്‍ മാത്രമാണ് സ്മാര്‍ട്ട്. പൊലീസ് ഹെഡ്ക്വാട്ടേഴ്സിന് മുന്നിലൂടെ പോകുന്ന വെള്ളയമ്പലം - വഴുതക്കാട് റോഡില്‍ അടുത്തിടെ മാത്രമാണ് വലിയ കുഴികള്‍ മൂടാനായി കല്ലും ജില്ലിയും ഇറക്കിയത്. റോഡ് പാച്ച് വര്‍ക്ക് കഴിയുമ്പോള്‍ അവിടെ ഓരോ ചെറിയ ബമ്പുകളാണ് ഉണ്ടാക്കി വയ്ക്കുന്നതെന്ന് ഇതുവഴി പോകുന്ന ഓട്ടോ റിക്ഷക്കാര്‍ പരാതിപ്പെടുന്നു. തലസ്ഥാനത്തെ റോഡിലൂടെ ഓടുന്ന വണ്ടികള്‍ മൂന്ന് ദിവസം കൂടുമ്പോള്‍ ബെയറിങ്ങുകള്‍ ഇളകി നന്നാക്കേണ്ട അവസ്ഥയാണെന്നും ഓട്ടോ റിക്ഷക്കാര്‍ പരാതിപ്പെടുന്നു. 

കൂടുതല്‍ വായിക്കാന്‍:   എങ്ങുമെത്താതെ സ്‍മാര്‍ട്ട് റോഡ് പദ്ധതി;ഡിപിആര്‍ അടിക്കടി മാറ്റുന്നു,റോഡുകള്‍ കുഴിച്ചതിനാല്‍ ജനം ദുരിതത്തില്‍

തലസ്ഥാനത്തെ സംസ്കാരിക ഇടനാഴിയെന്ന് പേരുകേട്ട മാനവീയം വീഥിയുടെ കഥയും വേറൊന്നല്ല. കേരളം ഏങ്ങനെയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത് എന്നതിന്‍റെ ഒരു മിനിയേച്ചര്‍ പതിപ്പ് തന്നെയാണ് ഇന്ന് മാനവീയം വീഥി. പൊളിച്ചിട്ട റോഡുകള്‍ ഒരു ഭാഗത്ത്. പദ്ധതിയുടെ പേരില്‍ പണിതിട്ടും പണിതിട്ടും പണിതീരാത്ത കെട്ടിടങ്ങള്‍ മറുഭാഗത്ത് എന്നതാണ് മാനവീയം വീഥിയുടെ അവസ്ഥ. നഗരത്തിലെ വിമന്‍സ് കോളേജില്‍ നിന്നും നഗരഹൃദയമായ പനവിളയിലേക്ക് ഇറങ്ങുന്ന കലാഭവന്‍ മണി റോഡിന്‍റെ അസ്ഥയാണ് ഏറ്റവും കഷ്ടം. ചെറിയ ഇറക്കത്തോട് കൂടിയ ഈ റോഡിന്‍റെ ഒരു വശം മുഴുവനും കുത്തിപ്പൊളിച്ചിരിക്കുകയാണ്. മറുവശത്താകട്ടെ പണി പാതി വഴിയില്‍ നിര്‍ത്തിയ നിര്‍മ്മിതികള്‍ മണ്ണിട്ട് മൂടിയ അവസ്ഥയിലാണ്. ഈ വഴിയില്‍ ഒരു ബൈക്കുകാരനെങ്കിലും മറിഞ്ഞു വീഴാത്ത ദിവസമില്ലെന്ന് തന്നെ പറയാം. 

കൂടുതല്‍ വായിക്കാന്‍:   തലസ്ഥാനത്തെ സ്മാ‍ര്‍ട്ട് റോഡ‍് നി‍ർമ്മാണം വൈകുന്നതിൽ ഉദ്യോഗസ്ഥ‍ര്‍ക്ക് മന്ത്രിമാരുടെ ശകാരം

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 40 റോഡുകളാണ് നവീകരിക്കാന്‍ പദ്ധതിയിട്ടത്. ഇതില്‍ 17 എണ്ണം പൊളിച്ചു. എന്നാല്‍, പണി പകുതിയാകുന്നതിന് മമ്പ് തന്നെ കരാറുകാരുമായി നഗരസഭയും പൊതുമരാമത്ത് വകുപ്പും  ഉടക്കി. ഇതോടെ കരാറുകാരന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പുറത്ത് പോയി. അങ്ങനെ പണി തീരേണ്ട അവസാന ദിവസം കഴിഞ്ഞ് മാസം ആറ് കഴിഞ്ഞു. റോഡുകളെല്ലാം ഇപ്പോ ശരിയാക്കാമെന്ന് പറഞ്ഞവരെയൊന്നും ഇപ്പോള്‍ വഴിയില്‍ കാണുന്നില്ലെന്ന് നാട്ടുകാര്‍. പണിയെന്തായെന്ന് ചോദിച്ചാല്‍, ബാക്കി പണിക്ക് ടെണ്ടര്‍ വിളിച്ച് കരാറുകാരെ കാത്തിരിക്കുകയാണെന്നാണ് അധികൃതരുടെ മറുപടി. 

 

കൂടുതല്‍ വായിക്കാന്‍:   സ്മാർട്ടാവാത്ത സ്മാർട്ട് റോഡ്; ഒടുവിൽ ഇടപെടലുമായി സർക്കാർ, വീഴ്ച പരിശോധിക്കാൻ പ്രത്യേക സമിതി

 

Follow Us:
Download App:
  • android
  • ios