കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ വായ്പ്പാ തട്ടിപ്പിന് അറസ്റ്റിലായ തോമസ് പീലിയാനിക്കലിനെ ചങ്ങനാശേരി അതിരൂപത രോഹിത്യ ചുമതലകളിൽ നിന്ന് നീക്കി.

ആലപ്പുഴ: കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ് കേസിലെ പ്രതി ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽ നിന്ന് ചങ്ങനാശേരി രുപത നീക്കി. ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം

വായ്പ തട്ടിപ്പ് കേസിൽ തോമസ് പീലിയാനിക്കൽ വീഴ്ച്ച വരുത്തിയെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ചങ്ങനാശേരി അതിരൂപതയുടെ നടപടി. അതിരൂപതയുടെ മുഖപത്രമായ വേദപ്രചാര മധ്യസ്ഥന്‍റെ ഓഗസ്റ്റ് ലക്കത്തിലാണ് ഉത്തരവ് പ്രസിദ്ധീകരിച്ചത്. പരസ്യ പൗരോഹിത്യ ശുശ്രൂഷകൾ നടത്തുന്നതിനാണ് കഴിഞ്ഞ മാസം 13 മുതലുള്ള വിലക്ക്.

കൂദാശകളുടേയും കൂദാശാനുകരണങ്ങളുടേയും പരികര്‍മ്മം എന്നിവ നടത്തുന്നതിനും വിലക്കുണ്ട്. കാനൻ നിയമപ്രകാരമാണ് അന്വേഷണ വിദേയമായി തോമസ് പീലിയാനിക്കലിനെ വൈദികജോലികളിൽ നിന്ന് സഭ മാറ്റി നിര്‍ത്തിയത്. നേരത്തെ കുട്ടനാട് വികസന സമിതിയുടെ എക്സിക്യുട്ടീവ് ഡയറക്ചര്‍ സ്ഥാനത്ത് നിന്ന് പീലിയാനിക്കലിനെ സഭ പുറത്താക്കിയരുന്നു. വായ്പ തട്ടിപ്പ് കേസിൽ പീലിയാനിക്കൽ ജാമ്യത്തിലാണ്

കാവാലം സ്വദേശി കൊണ്ടകശ്ശേരി ഷാജി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കല്‍, റോജോ ജോസഫ്, ത്യോസ്യാമ്മ എന്നിവര്‍ ചേര്‍ന്ന് കര്‍ഷകരുടെ പേരില്‍ അവരറിയാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തീക തിരിമറി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും തോമസ് പീലിയാനിക്കലിനെ നീക്കിയത്. പീലിയാനിക്കലിനെതിരെയുള്ള സഭാ നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടി.