പറവൂരിൽ നടന്ന ശ്രീനാരായണ ജയന്തി ആഘോഷത്തിൽ, കേരളം നിലനിൽക്കുന്നത് സനാതന ധർമ്മത്തിലാണെന്ന് ആർ.വി. ബാബു പ്രസ്താവിച്ചു. അയ്യപ്പനെപ്പോലുള്ള ദേവന്മാരെ അവഹേളിക്കുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണെന്നും, ഈ കാപട്യം ചൂണ്ടിക്കാണിക്കുന്നവരെ വർഗീയവാദികളായി മുദ്രകുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പറവൂർ: കേരളം നിലനിൽക്കുന്നത് സനാതന ധർമ്മത്തിലെന്ന് ആർ.വി. ബാബു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേയായിരുന്നു ആര്‍വി ബാബുവിന്റെ പരാമര്‍ശം. മത വർഗീയ സംഘടനകൾ ഇന്ന് അവരുടെ അജണ്ടയ്ക്ക് അനുസരിച്ചാണ് കേരളത്തെ ചലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ നാട് നിലനിൽക്കുന്നത് സനാതന ധർമ്മത്തിലാണെന്നും അത് പറഞ്ഞത് ശ്രീനാരായണ ഗുരുവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് കേരളത്തിൽ സനാതന ധർമ്മം ചോദ്യം ചെയ്യപ്പെടുകയാണ്. പ്രവാചകനെ അപമാനിച്ചെന്ന് പറഞ്ഞ് ഒരാളുടെ കൈവെട്ടിയ നാടാണ് കേരളം. എന്നാൽ അയ്യപ്പനെ അവഹേളിക്കുമ്പോൾ ദേവസ്വം മന്ത്രിക്ക് പോലും നാവ് പൊങ്ങുന്നില്ല. അയ്യപ്പനെ അധിക്ഷേപിച്ചിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് കമ എന്നൊരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. സനാതന ധർമ്മത്തോടുള്ള ഇവരുടെയൊക്കെ സമീപനം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ഇത്തരം കാപട്യം ചൂണ്ടിക്കാണിക്കുന്നവനെ വർഗീയവാദിയാക്കി മുദ്രകുത്തുകയാണ് ചെയ്യുന്നത്. നാം ഒരു രാഷ്ട്രീയക്കാരുടെയും അടിമകൾ ആകരുതെന്നും അദ്ദേഹം വ്യക്തമാക്കി. നാം ഭൂരിപക്ഷ സമൂഹമായി നിലനിൽക്കുന്നതുകൊണ്ട് മാത്രമാണ് നമുക്ക് ജനാധിപത്യം, സോഷ്യലിസം, സാഹോദര്യം എന്നൊക്കെ പ്രസംഗിക്കാൻ സാധിക്കുന്നതെന്നും ആർ.വി. ബാബു കൂട്ടിചേർത്തു.

