ആയിരവും പതിനായിരവും അമ്പതിനായിരവുമല്ല! കൊച്ചിയിലെ ഒറ്റ വാഴക്കുലയ്ക്ക് 83300 രൂപ, കാരണം!
ഇക്കുറി ആയിരവും പതിനായിരവും അമ്പതിനായിരവുമല്ല! കൊച്ചിയിലെ ഒറ്റ വാഴക്കുലയ്ക്ക് 83300 രൂപ, ഒരേയൊരു കാരണം!

കൊച്ചി: സാധാരണ നിലയിൽ നട്ടുവളർത്തി വിളയിച്ച ഒരു വാഴക്കുലയ്ക്ക് എത്ര രൂപ വരെ ലഭിക്കും? 1000 അല്ലെങ്കിൽ രണ്ടായിരം! എന്നാൽ ഈ വാഴക്കുലയുടെ വില കേട്ടാൽ ശരിക്കും ഞെട്ടും. എന്താണ് വാഴക്കുലയ്ക്ക് ഇത്ര പ്രത്യേകതയെന്നല്ലേ... കാര്യമുണ്ട് പറയാം.
കൊച്ചിയിൽ കെ റെയിൽ സമരസമിതി നട്ടുവളർത്തിയ വാഴക്കുലയ്ക്കാണ് റെക്കോർഡ് വില ലഭിച്ചത്. എറണാകുളം പുളിയനം സ്വദേശി ജോസിന്റെ പറമ്പിലായിരുന്നു ഈ വാഴക്കുല വിളഞ്ഞത്. വാഴക്കുലയുടെ വലിപ്പത്തിലോ ഗുണത്തിലോ ഒന്നുമല്ല പ്രത്യേകത. അതിന്റെ ലക്ഷ്യം ഏറെ വലുതായത് കൊണ്ടാകാം, വാഴക്കുല ലേലത്തിൽ പോയത് 83300 രൂപയ്ക്കാണ്.
ആവേശകരമായ ലേലത്തിനൊടുവിൽ ജോസിന്റെ സഹോദരൻ ജോണിനാണ് ലേലത്തിൽ വാഴക്കുല കിട്ടിയത്. ഈ തുക ഉപയോഗിക്കുന്നത് മറ്റൊന്നിനുമല്ല, ചെങ്ങന്നൂരിൽ വീട് നഷ്ടപ്പെട്ട തങ്കമ്മയ്ക്ക് വീട് നിർമ്മിക്കാനാണ്. ലേലത്തിന് പിന്നാലെ തുക തങ്കമ്മയുടെ വീടിനെന്ന് സമര സമതി വ്യക്തമാക്കി.
ലേലത്തിൽ ഒരാൾ 83300 രൂപ വിളിച്ച് കുല സ്വന്തമാക്കിയതല്ല. ഇതൊരു ജനകീയ കൂട്ടായ്മയുടെ വിജയമാണ്. ജനകീയ ലേലമാണ് നടന്നത്. ഒരാൾ വലിയ തുകവിളിച്ച് കുല സ്വന്തമാക്കുന്നതിന് പകരം, ഓരോരുത്തരായി ചെറിയ ചെറിയ തുക കൂട്ടി വിളിച്ച് ഏറ്റവും അവസാനം വിളിച്ച ആൾക്ക് ലേലം ഉറപ്പിക്കുകയായിരുന്നു. എന്തായാലും ജനകീയ ലേലത്തിൽ ലഭിച്ച തുക കൊണ്ട് തങ്കമ്മയുടെ വീടിന് ബലമേകും.
അതേസമയം, കോട്ടയം: കെ റെയില്‍ വിരുദ്ധ സമര സമിതിയുടെ വാഴക്കുല ലേലം പ്രതിഷേധത്തിന് കോട്ടയം മാടപ്പളളിയിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്ധതി വന്നാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് വച്ചു കൊടുക്കാനുളള പണം ശേഖരിക്കാന്‍ നടക്കുന്ന വാഴക്കുല ലേലങ്ങളില്‍ ആറാമത്തേതാണ് മാടപ്പളളിയില്‍ നടന്നത്. 49100 രൂപയ്ക്കാണ് സമര സമിതി വില്‍പ്പനയ്ക്ക് വച്ച വാഴക്കുല ലേലത്തില്‍ പോയത്.
കെ-റെയില്‍ വഴിയില്‍ കുലച്ച വാഴക്കുല ലേലം വിളിയറിഞ്ഞ് ആളു കൂടിയിരുന്നു. ആയിരത്തില്‍ തുടങ്ങിയ ലേലം വിളി പിന്നീട് 2000 വും 10000 വും കടന്ന് മുന്നേറി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയില്‍ പോലും ലേലം വിളിക്കാന്‍ ആളെത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പരിഹസിച്ചു കൊണ്ടായിരുന്നു മറ്റ് ചിലരുടെ ലേലം വിളി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം