ഇര്‍ഷാദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്കാണ് നാട്ടിലെത്തിച്ചത്
മലപ്പുറം: യുഡിഎഫ് വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി മരിച്ച മുസ്ലിം ലീഗ് പ്രവർത്തകന് നാടിന്റെ വിട. താന്‍ ഏറെ സ്‌നേഹിച്ച പാര്‍ട്ടിയുടെ വിജയം മനം നിറഞ്ഞൊന്ന് ആഘോഷിക്കാനായിരുന്നു ലീഗ് പ്രവര്‍ത്തകനായ ഇര്‍ഷാദ് ശനിയാഴ്ച സ്‌കൂട്ടറുമെടുത്ത് പുളിക്കല്‍ പറവൂര്‍ റോഡിലേക്ക് ഇറങ്ങി തിരിച്ചത്. എന്നാല്‍ ആ യാത്രയില്‍ ഇനിയൊരു മടക്കമില്ലെന്നത് ആരും കരുതിയതല്ല. ചെറുകാവിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ തന്റെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചാണ് ഇര്‍ഷാദ് മരണപ്പെട്ടത്. ചെറുകാവ് പഞ്ചായത്തിലെ പെരിയമ്പലം വാര്‍ഡ് എല്‍ഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത സന്തോഷം ആഘോഷിക്കുന്നതിനിടെയാണ് ലീഗ് പ്രവര്‍ത്തകനായ പെരിയമ്പലം പുത്തിലായി പുറായില്‍ ഇര്‍ഷാദ് (41) ദാരുണമായി മരിച്ചത്. ഇര്‍ഷാദിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചതോടെ നാട്ടിലെ ആഘോഷങ്ങളെല്ലാം നിര്‍ത്തിവെക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ് മരിച്ച ഇര്‍ഷാദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്കാണ് നാട്ടിലെത്തിച്ചത്. വീടിനടുത്തുള്ള പുളിക്കല്‍ മദീനത്തുല്‍ ഉലും അറബിക് കോളജിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പുളിക്കല്‍ മദീനത്തുല്‍ ഉലൂമിലും തുടര്‍ന്ന് പുളിക്കല്‍ ജുമാ മസ്ജിദിലും നടന്ന മയ്യിത്ത് നമസ്‌കാരത്തിനും ആയിരങ്ങളാണ് തടിച്ചു കുടിയത്. സജീവ ലീഗ് പ്രവര്‍ത്തകനായ ഇര്‍ഷാദിന്റെ വിയോഗം നാടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീരാവേദനയിലാണ് ഒരു നാടൊന്നാകെ ഇര്‍ഷാദിന് വിട നല്‍കിയത്. മയ്യിത്ത് നമസ്‌കാരത്തിന് ശേഷം പുളിക്കല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.


