അമേരിക്കൻ യുദ്ധ വിമാനങ്ങളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കർ വിമാനമാണ് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യുന്ന വിമാനവുമായി കൂട്ടിയിടി സാഹചര്യമുണ്ടായത്.

വില്ലെംസ്റ്റാഡ്: ടേക്ക് ഓഫിന് തൊട്ട് പിന്നാലെ അമേരിക്കൻ യുദ്ധവിമാനവുമായി കൂട്ടിയിടി സാഹചര്യം. യാത്രാവിമാനം അടിയന്തരമായി താഴേയ്ക്ക് കൊണ്ട് വന്ന് പൈലറ്റ്. കരീബിയൻ ദ്വീപായ കുറസാവോയിൽ നിന്ന് പറന്നുയർന്ന യാത്രാ വിമാനത്തിലാണ് അപ്രതീക്ഷിത അപകടം മുന്നിലെത്തിയത്. വെള്ളിയാഴ്ചയാണ് അമേരിക്കൻ യുദ്ധ വിമാനങ്ങളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കർ വിമാനമാണ് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യുന്ന വിമാനവുമായി കൂട്ടിയിടി സാഹചര്യമുണ്ടായത്. ജെറ്റ് ബ്ലൂ വിമാന കമ്പനിയുടെ യാത്രാ വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സൈനിക വിമാനമാണ് നിർദ്ദേശങ്ങൾ തെറ്റിച്ചതെന്നാണ് ഉയരുന്ന ആരോപണം. ടേക്ക് ഓഫിന് പിന്നാലെ തൊട്ട് മുന്നിൽ യുദ്ധവിമാനം എത്തിയതോടെ യാത്രാ വിമാനം കൂടുതൽ ഉയരത്തിലേക്ക് പോവുന്നത് താൽക്കാലികമായി നിയന്ത്രിക്കുകയായിരുന്നു. കുറസാവോയിൽ നിന്ന് ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു ജെറ്റ് ബ്ലൂ വിമാനം. 

അമേരിക്കൻ സൈനിക വിമാനമെത്തിയത് വെനസ്വേലയുടെ വ്യോമാതിർത്തിയിൽ

കരീബിയൻ തീരത്ത് അമേരിക്ക വമ്പൻ സൈനിക വിന്യാസം ഒരുക്കുന്നതിനിടെയാണ് സംഭവം. യാത്രാ വിമാനത്തിന്റെ അതേ ഉന്നതിയിലായിരുന്നു അമേരിക്കൻ ഇന്ധനവാഹിനി വിമാനമുണ്ടായിരുന്നത്. രണ്ട് മൈലിലും താഴെയായിരുന്നു വിമാനങ്ങൾ തമ്മിലുള്ള അകലമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വെനസ്വേലയുടെ വ്യോമാന്തരീക്ഷത്തിലേക്ക് പോവുന്നതായിരുന്നു അമേരിക്കൻ സൈനിക വിമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവം ഫെഡറൽ അധികൃതരെ അറിയിച്ചതായും അന്വേഷണത്തോട് സഹകരിക്കുമെന്നും ജെറ്റ് ബ്ലൂ വിമാനക്കമ്പനി വിശദമാക്കി. ട്രാൻസ്പോൺഡർ ഓഫ് ചെയ്താണ് സൈനിക വിമാനം എത്തിയതെന്നാണ് പൈലറ്റ് എടിസിയെ അറിയിച്ചത്. 

കൂട്ടയിടി സാഹചര്യത്തിൽ മനസാന്നിധ്യം കൈവിടാതിരുന്ന വിമാന ജീവനക്കാരെ അഭിനന്ദിച്ചാണ് ജെറ്റ് ബ്ലൂവിന്റെ പ്രതികരണം. സംഭവത്തേക്കുറിച്ച് പെൻറഗൺ ഇനിയും പ്രതികരിച്ചിട്ടില്ല. സൈനിക പ്രവർത്തനങ്ങൾ അധികമായതിനാൽ വെനസ്വേലയുടെ വ്യോമാതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക വിമാനത്തിന്റേത് അതിരുവിട്ട സമീപനമായാണ് എടിസിയുമായുള്ള ആശയ വിനിമയത്തിൽ യാത്രാ വിമാനത്തിന്റെ പൈലറ്റ് വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം