സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം: പാലക്കാട് ഒരാൾ കൊല്ലപ്പെട്ടു, 2 അപകടങ്ങളിൽ 4 യുവാക്കൾക്ക് പരിക്ക്
പാലക്കാടും പന്തളത്തും മലപ്പുറത്തുമാണ് ഇന്നലെ രാത്രി വാഹനാപകടങ്ങൾ ഉണ്ടായത്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് മുട്ടിക്കുളങ്ങരയിൽ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാരാകുറിശ്ശി സ്വദേശി മുബാരിം ആണ് മരിച്ചത്. ഓമ്നി വാനിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. എതിർ ദിശയിൽ വന്ന ഇരു വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
എം സി റോഡിൽ പന്തളത്തുണ്ടായ വാഹനാപകടത്തിലാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്ത പന്തളം കടയ്ക്കാട് സ്വദേശി സുനീഷ് (29) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം ബൈക്കിൽ യാത്ര ചെയ്ത കൊല്ലം തേവലക്കര സ്വദേശി റിയാസ് (34) നും സാരമായ പരിക്കുണ്ട്. ഇന്നലെ രാത്രി 10.30 യോടാണ് അപകടം നടന്നത്.
മലപ്പുറം ചങ്കുവെട്ടിക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് രണ്ടു യുവാക്കൾക്ക് പരിക്കേറ്റത്. പറമ്പിൽ അങ്ങാടിക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം കോട്ടൂർ സ്വദേശികളായ പ്രജിത്ത്, ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്രീഹരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.