ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും റബർ ടാപ്പിങ് തൊഴിലാളികളാണ്.

മംഗാലപുരം: മംഗലാപുരം പഞ്ചിക്കല്ലുവിൽ ഉരുൾപൊട്ടലിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും റബർ ടാപ്പിങ് തൊഴിലാളികളാണ്. പരിക്കേറ്റ കണ്ണൂർ സ്വദേശി ജോണിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരത്ത് ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തര കന്നഡ ജില്ലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. 

പെണ്‍സുഹൃത്തിനെ കാണാൻ വന്ന യുവാവിനെ കാണാനില്ല, ദുരൂഹത ആരോപിച്ച് കുടുംബം

കാലവർഷം കനത്തു, ഇടുക്കിയിലെ ലയങ്ങളിൽ പരിശോധന; അപകടാവസ്ഥയിലുള്ളതിൽ നിന്നും ആളുകളെ മാറ്റും

ഇടുക്കി : കാലവർഷം കനത്തതോടെ ഇടുക്കിയിലെ തൊഴിലാളി ലയങ്ങളിൽ പ്രത്യേക സംഘം പരിശോധന ആരംഭിച്ചു. അപകടാവസ്ഥയിലുള്ള ലയങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.

ഇടുക്കിയിലെ പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലായി ചെറുതും വലുതുമായ നൂറ്റി അറുപതോളം തോട്ടങ്ങളാണുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ലയങ്ങളാണ് മിക്ക തോട്ടങ്ങളിലുമുള്ളത്. ഭൂരിഭാഗവും ചോർന്നൊലിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഏലപ്പാറക്ക് സമീപം കോഴിക്കാനത്ത് ലയത്തിനു പിന്നിലെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചിരുന്നു.

ഇതേത്തുടർന്നാണ് ലയങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ ജില്ല കളക്ടർ നിയോഗിച്ചത്. ഓരോ താലൂക്കിലെയും തഹസിൽദാർ, പ്ലാൻറേഷൻ ഇൻസ്പെക്ടർ, അസ്സിസ്റ്റൻറ് ലേബർ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. മഴ തുടങ്ങിയപ്പോൾ തന്നെ ലയങ്ങൾ അറ്റകുറ്റപ്പണി നടത്തണമെന്ന് ജില്ല ഭരണകൂടം നിർദ്ദേശിച്ചിരുന്നു.

നിർദ്ദേശങ്ങൾ അവഗണിക്കുന്ന തോട്ടം ഉടമകൾക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കാനും ആലോചനയുണ്ട്. കോഴിക്കാനത്ത് മണ്ണിടിച്ചിൽ ഉണ്ടായ ലയത്തിനു സമീപത്തുള്ളവരെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദ്ദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല. പകരം നൽകിയ ലയങ്ങളിൽ കറണ്ടും വെള്ളവും ശുചിമുറി സൌകര്യവും ഒരുക്കാൻ തോട്ടമുടമ തയ്യാറാകാത്തതിനാലാണ് തൊഴിലാളികൾ മാറിത്താമസിക്കാത്തത്.