ഇന്നലെ ഉച്ചയോടെ നേരത്തേ വന്ന സ്ത്രീയും പുരുഷനും കൂടെ മറ്റൊരാളും വീണ്ടും കടയിലെത്തി. കൈയിലൊരു സഞ്ചിയും കരുതിയിരുന്നു. കഴിഞ്ഞ ദിവസം സൂചിപ്പിച്ച സ്വർണം കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംപാറയിൽ രണ്ട് കിലോ സ്വർണവുമായെത്തിയ മൂന്നംഗ സംഘത്തിന്റെ വരവിൽ ദുരൂഹത. കൈരളി നഗറിൽ താമസിക്കുന്ന ബഷീറിന്റെ പ്ളാന്റ് നഴ്സറിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ചെടി വാങ്ങാനായാണ് രണ്ട് പേർ ബഷീറിന്റെ ഗാർഡൻ എൻജോയ് എന്ന കടയിലെത്തുന്നത്. ബേൽ പത്ര അന്വേഷിച്ചായിരുന്നു വരവ്. ഹിന്ദി സംസാരിക്കുന്ന ഇവർ ചെടി കടയിലില്ലെന്നറിഞ്ഞതോടെ മടങ്ങി.
ഇന്നലെ ഉച്ചയോടെ നേരത്തേ വന്ന സ്ത്രീയും പുരുഷനും കൂടെ മറ്റൊരാളും വീണ്ടും കടയിലെത്തി. കൈയിലൊരു സഞ്ചിയും കരുതിയിരുന്നു. കഴിഞ്ഞ ദിവസം സൂചിപ്പിച്ച സ്വർണം കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടർന്ന് സംശയം തോന്നിയ ബഷീർ സംഭവം പൊലീസിലറിയിച്ചു. പക്ഷേ പൊലീസെത്തും മുൻപേ പന്തികേട് തോന്നിയ സംഘം കടയിൽ നിന്നും രക്ഷപ്പെട്ടു. വട്ടിയൂർക്കാവ് പൊലീസെത്തി കാര്യങ്ങൾ അന്വേഷിച്ചു.
സംഘത്തിൽ നിന്ന് ലഭിച്ച സ്വർണം ഒർജിനലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന സഥലങ്ങളിൽ സ്വർണവുമായെത്തിയവരുടെ സിസിടിവി ദൃശ്യങ്ങളുമായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. മൂവർ സംഘത്തിനായുള്ള അന്വേഷണം തുടരുകയാണെന്ന വട്ടിയൂർക്കാവ് പൊലീസ് അറിയിച്ചു.

അതേസമയം, കെ എസ് ആർ ടി സി ബസിലൂടെയുള്ള സ്വർണക്കടത്തിന് പിടിവീണ വാർത്ത ഇന്നലെ വയനാട്ടിൽ നിന്ന് പുറത്ത് വന്നിരുന്നു. കൊടുവള്ളി സ്വദേശിയായ സഫീറലി ടി സി എന്ന യുവാവാണ് കോഴിക്കോടേക്കുള്ള യാത്രക്കിടെ മുത്തങ്ങ എക്സ്സെസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനയിൽ പിടിയിലായത്.
ബസിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. ഒന്നരക്കോടിയോളം രൂപയുടെ രേഖകൾ ഇല്ലാത്ത സ്വർണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കർണാടകയിൽ നിന്നും കോഴിക്കോടേക്കുള്ള കെ എസ് ആർ ടി സി ബസിലാണ് കൊടുവള്ളി സ്വദേശിയായ സഫീറലി ടി സിയെന്ന യുവാവ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്.
