ചേർത്തലയിൽ എക്‌സൈസ് പരിശോധനയില്‍ മൂന്നുപേര്‍ പിടിയില്‍
ചേര്‍ത്തല: വിവിധ ഇടങ്ങളില്‍ എക്‌സൈസ് പരിശോധനയില്‍ മൂന്നു കിലോ കഞ്ചാവും കോടയും മദ്യവുമായി മൂന്നുപേര്‍ എക്‌സൈസ് പിടിയിലായി. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ മായിത്തറ പള്ളത്ത് വീട്ടില്‍ 23-കാനരായ പികെ ബോബനെയാണ് മൂന്നുകിലോ കഞ്ചാവുമായി പിടികൂടിയത്.
മായിത്തറയില്‍ വില്‍പ്പനക്കായി കഞ്ചാവ് ചെറുപൊതികളാക്കുന്നതിനിടയിലായിരുന്നു എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ വിജെ റോയിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍മാരായ എം എസ് സുഭാഷ്, ബെന്നിവര്‍ഗീസ്, ഓഫീസര്‍മാരായ ഷിബു ബഞ്ചമിന്‍, ടി ആര്‍ സാനു, ജി മണികണ്ഠന്‍, കെ ആര്‍ രാജീവ്, എപി അരുണ്‍, എന്‍എസ് സ്മിത, വിനോദ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വ്യാജ ചാരായ നിര്‍മ്മാണത്തിനിടെ തണ്ണീര്‍മുക്കം 19-ാംവാര്‍ഡില്‍ ആനതറവീട്ടില്‍ പുഷ്‌കരന്‍(65)നെ പ്രിവന്റീവ്ഓഫീസര്‍ ബെന്നിവര്‍ഗീസിന്റെ നേതൃത്വത്തില്‍ പിടികൂടി. 30ലിറ്റര്‍ കോടയും പിടിച്ചെടുത്തു. ഓഫീസര്‍മാരായ ടിആര്‍ സാനു, വിഷ്ണുദാസ്, എസ് സുലേഖ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അനധികൃത മദ്യവില്‍പന നടത്തിയതിനു പള്ളിപ്പുറം പത്താം വാര്‍ഡില്‍ കോലോത്തുചിറവീട്ടില്‍ ബേബിയെ റേഞ്ച് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ പിടികൂടി.
അതേസമയം, ബെംഗളൂരുവിൽ നിന്നും വൻതോതിൽ മാരക മയക്കുമരുന്നായ എം ഡി എം എ കേരളത്തിൽ എത്തിച്ച് കോഴിക്കോട് ചേവായൂർ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന രണ്ട് പേർ അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി സദാം എന്ന് വിളിക്കുന്ന ആണിയൻ പറമ്പിൽ മുഹമദ് ഹുസൈൻ (30) മായനാട് സ്വദേശി തടോളി ഹൗസിൽ രഞ്ജിത്ത്. ടി (31) എന്നിവരെയാണ് കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
ജൂലൈ 15 ന് ചേവായൂർ പൊലീസും ഡാൻസാഫ് പാർട്ടിയും ചേർന്ന് കോട്ടപ്പുറം സ്വദേശി കാര്യ പറമ്പത്ത് വീട്ടിൽ ഷിഹാബുദ്ധീനെ (46) 300 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തിയപ്പോൾ ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് മയക്കുമരുന്ന് എത്തിച്ചത് രഞ്ജിത്ത് ആയിരുന്നുവെന്ന് കണ്ടെത്തി. രഞ്ജിത്തിനെ മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എടുത്ത് കൊടുത്തത് മുഹമദ് ഹുസൈനാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇയാളെ ബെംഗളൂരുവിൽ വച്ച് പൊലീസ് പിടികൂടുകായയിരുന്നു.
