കോഴിക്കോട് ഫറോക്കിലെ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 1,71,000 രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. മൂന്ന് മാസ കാലാവധി കഴിഞ്ഞിട്ടും ആഭരണം തിരിച്ചെടുക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഫറോക്ക് പൊലീസാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് പെരുമുഖം കള്ളിക്കൂടം സ്വദേശി മണ്ണാങ്കണ്ടി വീട്ടില് അബ്ദുൾ ഖാദറി(48) നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വര്ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫറോക്ക് സ്വദേശിയായ ചിത്തരഞ്ജനാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മണ്ണൂര് വളവില് പ്രവര്ത്തിക്കുന്ന സൗഭാഗ്യ ഫിനാന്സിയേഴ്സ് എന്ന സ്ഥാപനത്തില് അബ്ദുൾ ഖാദര് എത്തുകയും ഇടപാട് നടത്തുകയുമായിരുന്നു.
24 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകള് മൂന്ന് മാസ കാലാവധിക്ക് പണയം വെച്ച് 1,71,000 രൂപയാണ് ഇയാള് സ്ഥാപനത്തില് നിന്ന് കൈക്കലാക്കിയത്. മൂന്ന് മാസം കഴിഞ്ഞിട്ടും പണയാഭരണം തിരിച്ചെടുക്കാന് വരാത്തതിനെ തുടര്ന്ന് ചിത്തരഞ്ജന് ഈ ആഭരണങ്ങള് പരിശോധിക്കുകയും മുക്കുപണ്ടം ആണെന്ന് മനസിലാവുകയുമായിരുന്നു. തുടര്ന്ന് ഫറോക്ക് പൊലീസില് പരാതി നല്കുകയും കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എസ് ഐ മിഥുന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അബ്ദുൾ ഖാദറിനെ അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


