ചുറ്റും മൂന്ന് സർജൻമാർ, മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ; വാഹനാപകടത്തിൽ പരിക്കേറ്റ പെരുമ്പാമ്പിന് പുതുജീവൻ
പാമ്പിനെ കാഞ്ഞങ്ങാട് മൃഗാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി.

കാസർകോട്: ബേക്കൽ പള്ളിക്കരയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ പെരുമ്പാമ്പിന് പുതുജീവൻ. ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം ഓഫിസർ നവീൻ കുമാർ റെസ്ക്യൂവർമാരായ വിജേഷ്, സുനിൽ സുരേന്ദ്രൻ നെജു ചിത്താരി കാഞ്ഞങ്ങാട് റേൻജ് ഓഫീസർ ശ്രീജിത്ത് എന്നിവർ ചേർന്ന് പാമ്പിനെ കാഞ്ഞങ്ങാട് മൃഗാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. ഡോ. നിതിഷ് വെറ്റനറി സർജൻമാരായ ഡോ. ബിജിന, ഡോ ആതിര എന്നിവർ ചേർന്ന് മൂന്നു മണിക്കൂറോളം ശ്രമിച്ചാണ് മുറിവുകൾ വൃത്തിയാക്കി തുന്നിച്ചേർത്തത് പിന്നിട് വനം വകുപ്പിനു കൈമാറി.
Read more: വീട്ടിലേക്ക് നോട്ടുകെട്ടുകളുമായി വരുന്ന പാമ്പ്, വൈറലായി വീഡിയോ!
അതേസമയം, പെരുമ്പാമ്പ് ശല്യത്തിൽ പൊറുതിമുട്ടുകയാണ് കണ്ണൂർ വളപട്ടണത്തുകാർ. വീടുകളിലും കളിസ്ഥലങ്ങളിലുമെല്ലാം പാമ്പുകള്‍ എത്തുന്നു. രണ്ട് മാസത്തിനിടെ പത്തോളം പാമ്പുകളെയാണ് ജനവാസ മേഖലയിൽ നിന്നും പിടിച്ചത്. വനപാലകരെത്തി പിടിച്ചു കൊണ്ടുപോയവ തിരിച്ചെത്തുന്നുവെന്നാണ് പരാതി.
കഴുത്തിൽ ചുറ്റിയ പാമ്പിൽ നിന്ന് പെട്രോള്‍ പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടലാണ് ചന്ദ്രന്റെ ജീവൻ രക്ഷിച്ചത്. വളപട്ടണം ടോൾ ബൂത്തിന് അടുത്തായിരുന്നു സംഭവം. വളപട്ടത്തെ പതിവ് കാഴ്ച്ചയാണിത്. വീടുകളിലും ഇടവഴികളിലുമെല്ലാം പാമ്പ് എത്തി.
"എമ്മാതിരി പാമ്പ്! പുറത്തിറങ്ങാനൊക്കെ പേടിയാണ്. ജനലൊക്കെ അടച്ചിടുകയാണ്. അടുക്കള വാതില്‍ തുറക്കാറേ ഇല്ല"- പ്രദേശവാസിയായ ഫാത്തിമ പറഞ്ഞു. പാമ്പ് നിറഞ്ഞതോടെ സുരക്ഷയൊരുക്കാൻ പലവഴി തേടുകയാണിവർ. എവിടെ നിന്നാണ് വളപട്ടണത്ത് ഇത്ര പാമ്പുകള്‍? പ്രളയത്തിന് ശേഷമാണ് വളപട്ടണത്ത് ഇത്രയധികം പാമ്പുകള്‍ കാണുന്നതെന്ന് പൊതുപ്രവര്‍ത്തകനായ കെ പി അദീപ് റഹ്മാന്‍ പറഞ്ഞു. 2018ന് മുന്‍പ് പെരുമ്പാമ്പ് ശല്യം വളപട്ടണത്തില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ഫൈബർ ഫോം പോലെ പൂട്ടികിടക്കുന്ന നിരവധി സ്ഥാപനങ്ങളാണ് വളപട്ടണത്തുളളത്. ഇത്തരം ഒഴിഞ്ഞ ഇടങ്ങളിൽ നിന്നാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്കെത്തുന്നത് എന്നാണ് പ്രദേശവാസികളുടെ പരാതി. പാമ്പ് ശല്യം വനം വകുപ്പ് ഗൗരവത്തിലെടുക്കണമെന്നാണ് വളപട്ടണത്തുകാരുടെ ആവശ്യം.