വീഴ്ച്ചയില്‍ തലയിടിച്ച കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
സുല്‍ത്താന്‍ ബത്തേരി: മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു. നായ്ക്കെട്ടി നിരപ്പം മറുകര രഹീഷ് - അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ ബീനാച്ചിയിലായിരുന്നു അപകടം. ഇവിടെയുള്ള ഉത്സവത്തില്‍ പങ്കെടുക്കാനായി ദ്രുപതിന്റെ അമ്മവീട്ടില്‍ എത്തിയതായിരുന്നു. ബീനാച്ചിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. വീഴ്ച്ചയില്‍ തലയിടിച്ച കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഹന്‍ദാസിന് നിസാര പരുക്കേറ്റു. ബീനാച്ചി ക്ഷേത്രത്തിലെ മണ്ഡലകാല പൂജ ചടങ്ങുകള്‍ക്ക് കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. ദീക്ഷിത് ആണ് ദ്രുപതിന്റെ സഹോദരന്‍. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം നായ്‌ക്കെട്ടി നിരപ്പത്തെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ഇടുക്കിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കട്ടപ്പന സ്റ്റാൻ്റിൽ യുവാവിൻ്റെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു എന്നതാണ്. ബൈസൺ വാലി സ്വദേശി സിറിൾ വർഗീസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഒരു മാസത്തേക്കാണ് ഇടുക്കി ആർ ടി ഒ സസ്പെൻഡ് ചെയ്തത്. ഇയാളെ എടപ്പാൾ ഐ ഡി ടി ആർ ഇൽ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചിട്ടുണ്ട്. കുമളി സ്വദ്ദേശി വിഷ്ണു പതിരാജാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ വിഷ്ണു കട്ടപ്പനയിൽ നിന്നും തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂന്നാറിൽ നിന്നുമെത്തി നെടുങ്കണ്ടത്തിന് പോകാൻ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ദിയമോൾ എന്ന ബസ് വിഷ്ണുവിന്‍റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. വിഷ്ണുവിന്‍റെ നെഞ്ചിനൊപ്പം ബസിന്‍റെ മുൻഭാഗം കയറി. ഇരിപ്പിടം ഉൾപ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്.
