മൂന്നുപേരിൽ നിന്നായി 2.2 കിലോഗ്രാം കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ, 4 ഗ്രാം മെത്താംഫിറ്റമിൻ, 334 എംഡിഎംഎ പില്ലുകൾ എന്നിവ കണ്ടെടുത്തു. കൂടാതെ 63,500 രൂപയും 5 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ മൂന്ന് യുവാക്കൾ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി റിനാസ്, തൃശൂർ സ്വദേശി അനന്തു, എറണാകുളം സ്വദേശി അപ്പു എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ജില്ലയിൽ ആദ്യമായാണ് ഇത്രയും വലിയ അളവിലുള്ള മയക്കുമരുന്ന് പിടികൂടുന്നത്. മൂന്നുപേരിൽ നിന്നായി 2.2 കിലോഗ്രാം കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ, 4 ഗ്രാം മെത്താംഫിറ്റമിൻ, 334 എംഡിഎംഎ പില്ലുകൾ എന്നിവ കണ്ടെടുത്തു.

കൂടാതെ 63,500 രൂപയും 5 മൊബൈൽ ഫോണുകളും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. നമ്പറുകൾ ട്രാക്ക് ചെയ്യാതിരിക്കാനായി വെർച്വൽ നമ്പറുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. നാട്ടിലുള്ള ഏജന്റുമാർ മുഖാന്തിരം ആവശ്യക്കാരെ കണ്ടെത്തി ഇവരെ ബന്ധപ്പെട്ട് 'ഡ്രോപ്പ് സിസ്റ്റം' ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണം നടത്തിവന്നിരുന്നത്.

ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർമാരായ ഷിബു പി ബെഞ്ചമിൻ, സി.വി വേണു, ഇ.കെ അനിൽ, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, എ പി അരുൺ, വി.ബി വിപിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസര്‍ ഷൈനി, എ.ജെ വർഗീസ് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.