തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളി വിൽസൺ, ഉച്ചസമയത്തെ കനത്ത ചൂടിൽ സൂര്യപ്രകാശം കേന്ദ്രീകരിച്ചതാകാം അപകടകാരണമെന്ന് സംശയിക്കുന്നു.
തൃശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ വിവരിച്ച് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളി വിൽസൺ. ഉച്ചയ്ക്ക് 2.40 ഓടെയുണ്ടായ ശക്തമായ ചൂടിൽ സൂര്യപ്രകാശം ലെൻസ് പോലെ കേന്ദ്രീകരിച്ച് തീപടർന്നതാകാം അപകടകാരണമെന്ന് വിൽസൺ പറയുന്നു. അപകടം നടക്കുമ്പോൾ താൻ നിൽക്കുന്ന ഭാഗത്തേക്ക് തീ വന്ന് വീഴുന്നതുപോലെയാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്രതീക്ഷിത സ്ഫോടനം: 'തീ പോലെ എന്തോ ഒന്ന് പതിച്ചു, പെട്ടെന്ന് എല്ലാം കൂടി കയറിയങ്ങ് കത്തി. ആ നിമിഷം തന്നെ ഞാൻ ഓടി. ഞാൻ ഓടുമ്പോഴേക്കും ഷെഡും സ്റ്റോറും പൊട്ടിത്തെറിച്ചിരുന്നു, വിൽസൺ പറഞ്ഞു. എത്ര ചൂടായാലും സാധാരണ നിലയിൽ വെടിക്കെട്ട് തിരികൾ സ്വയം കത്താറില്ല. തിരികൾ വെയിലത്ത് കിടന്ന് ഉണങ്ങേണ്ടത് ആവശ്യമാണ്. എന്നാൽ ഉച്ചസമയത്തെ കടുത്ത ചൂടിന്റെ പവർ കൊണ്ടാകാം ഇത്തവണ തീപിടുത്തമുണ്ടായതെന്ന് അദ്ദേഹം കരുതുന്നു. അപകടം മണത്ത ഉടനെ അവിടെയുണ്ടായിരുന്ന പെണ്ണുങ്ങളേയും കൂട്ടി ഓടി മാറിഎന്നും അദ്ദേഹം പറയുന്നു.
ജോലി ചെയ്തിരുന്നവരെല്ലാം മലയാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ "ഓടേണ്ട ഓടേണ്ട" എന്ന പാട്ടുമായി തമാശ പറഞ്ഞ് ജോലിയിൽ സജീവമായിരുന്ന വിൽസണ്, ഉച്ചയോടെ ജീവരക്ഷാർത്ഥം ഓടേണ്ടി വന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്റ്റോറും ഷെഡും പൂർണ്ണമായും തകർന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


