കൊടകര മനകുളങ്ങര സ്വദേശികളായ ചാഴിക്കുളം വീട്ടിൽ ആദിത്യൻ (22) എനാശേരി വീട്ടിൽ ആഷിത് (21) എന്നിവരെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ആദിത്യൻ ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസ് റൗഡി ലിസ്റ്റിൽ പേരുള്ളയാളുമാണ്.
തൃശ്ശൂർ: കൊടകര ബാറിലെ പാർക്കിങ് ഏരിയയിൽവെച്ച് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ റൗഡിയും കൂട്ടാളിയും അറസ്റ്റിലായി. കൊടകര മനകുളങ്ങര സ്വദേശികളായ ചാഴിക്കുളം വീട്ടിൽ ആദിത്യൻ (22) എനാശേരി വീട്ടിൽ ആഷിത് (21) എന്നിവരെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ആദിത്യൻ ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസ് റൗഡി ലിസ്റ്റിൽ പേരുള്ളയാളുമാണ്.
ഒക്ടോബർ 19-ന് രാത്രി 8:30-ഓടെ കൊടകര ഗോൾഡൻ ബാറിന് മുന്നിലെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നെല്ലായി വയലൂർ സ്വദേശിയായ കിഴക്കുടൻ വീട്ടിൽ സതീശൻ (54) എന്നയാളുടെ പരിചയക്കാരനായ കാർത്തിക്കുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവരെ പിടിച്ചുമാറ്റിയതിലുള വൈരാഗ്യത്താലാണ് പ്രതികൾ സതീശനെ ഹെൽമെറ്റ് ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ സതീശന്റെ ഇടത് കണ്ണിന് താഴെയുള്ള എല്ല് പൊട്ടിയും മറ്റും ഗുരുതര പരിക്കേറ്റു.
അറസ്റ്റിലായ ആദിത്യൻ കൊടകര, കണ്ണൂർ ആറളം പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് പോക്സോ കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസിലും പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും അടക്കം അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അറസ്റ്റിലായ ആഷിത് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും പൊതുസ്ഥലത്തിരുന്നു മദ്യപിച്ച കേസിലും അടക്കം രണ്ട് ക്രിമിനൽ കേസിൽ പ്രതിയാണ്.
കൊടകര സി ഐ ആനന്ദ്, കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് എസ് ഐ പ്രദീപ് എൻ, ജിഎസ്ഐ മുഹമ്മദ് ഭാഷി, ജിഎസ്ഐ ഗോകുലൻ, സിപിഒ രജിത്ത്, സിപിഒ ശ്രീനാഥ് എന്നിവരെ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.


