Asianet News MalayalamAsianet News Malayalam

Thrissur Mayor : ഫ്‌ളക്‌സിലെ ഫോട്ടോ ചെറുതായി; സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ച് തൃശൂര്‍ മേയര്‍

പ്രചാരണ ബോര്‍ഡിലെ തന്റെ ചിത്രം ചെറുതായതിനാലാണ് പരിപാടിയില്‍നിന്ന് മടങ്ങിയതെന്നും മേയര്‍ പദവിയെ അപമാനിക്കുന്നതാണ് ചിത്രമെന്നും ഇനിയും ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Thrissur Mayor MK Varghese  boycott School programme
Author
Thrissur, First Published Dec 8, 2021, 8:37 AM IST

തൃശൂര്‍: ഫ്‌ളക്‌സ് ബോര്‍ഡിലെ (Flex board) ഫോട്ടോ ചെറുതായിപ്പോയെന്ന കാരണത്തെ തുടര്‍ന്ന് സ്‌കൂളിലെ പരിപാടിയില്‍ നിന്ന് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് (Thrissur Mayor MK Varghese) വിട്ടുനിന്നു. വിജയദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവ. സ്‌കൂള്‍ (Poonkunnam Gov. school) സ്ഥാപിച്ച പ്രചാരണ ബോര്‍ഡാണ് മെയറെ ചൊടിപ്പിച്ചത്. പ്രചാരണ ബോര്‍ഡിലെ തന്റെ ചിത്രം ചെറുതായതിനാലാണ് പരിപാടിയില്‍നിന്ന് മടങ്ങിയതെന്നും മേയര്‍ പദവിയെ അപമാനിക്കുന്നതാണ് ചിത്രമെന്നും ഇനിയും ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡില്‍ എംഎല്‍എ പി ബാലചന്ദ്രന്റെ (MLA P Balachandran) ചിത്രമാണ് വലുതാക്കി വെച്ചിരുന്നത്. സംഭവം വിവാദമായതോടെ അദ്ദേഹവും ചടങ്ങിനെത്തിയില്ല. കോര്‍പ്പറേഷനാണ് സ്‌കൂളിന്റെ നടത്തിപ്പ് ചുമതല.

അവിടെയൊരു പരിപാടി നടക്കുമ്പോള്‍ കോര്‍പറേഷന്‍ അറിയണം. നോട്ടീസിനും ബോര്‍ഡിനുമെല്ലാം കോര്‍പറേഷന്റെ അനുമതി വേണം. എംഎല്‍എയുടെ ചിത്രം വലുതാകുന്നതില്‍ പ്രശ്‌നമില്ല. പ്രോട്ടോക്കോള്‍ പ്രകാരം മേയറുടെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ മേയര്‍ക്കാണ് ഉയര്‍ന്ന സ്ഥാനം. മേയറുടെ ചിത്രം ചെറുതാക്കിയത് പദവിയെ അപമാനിക്കാനാണ്. ഈ നടപടി അംഗീകരിക്കാനാകില്ല- മേയര്‍ വര്‍ഗീസ് പറഞ്ഞു. നേരത്തെ പൊലീസുകാര്‍ സല്യൂട്ട് ചെയ്യാത്തതില്‍ പ്രതികരിച്ചതിനും മേയര്‍ വിവാദത്തില്‍പ്പെട്ടിരുന്നു. മേയറുടെയും എംഎല്‍എയുടെയും അഭാവത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍എ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 


 

Follow Us:
Download App:
  • android
  • ios