പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ രൂപീകരിച്ച ശുചിത്വസേനാംഗങ്ങളാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്ക് 'വെല്ലുവിളി'യാവുന്നത്. 

തൃശൂര്‍: മാലിന്യം വലിച്ചെറിയേണ്ട ഞങ്ങളെടുത്തോളാം. കളക്ടര്‍ അനുപമയെ സാക്ഷിയാക്കി അവര്‍ സമൂഹത്തോട് വിളിച്ചുപറഞ്ഞു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ രൂപീകരിച്ച ശുചിത്വസേനാംഗങ്ങളാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്ക് 'വെല്ലുവിളി'യാവുന്നത്. 

മുഴുവന്‍ വീടുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളില്‍ പ്ലാസ്റ്റിക്, കുപ്പികള്‍ തുടങ്ങിയവ ശുചിത്വസേന ശേഖരിക്കും. വീടുകളില്‍ സാധാരണയായി ഉണ്ടാകുന്ന ചെരിപ്പുകള്‍, ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, തുകല്‍ ഉത്പ്പന്നങ്ങള്‍, ഇലക്‌ട്രോണിക്-ഇലക്ട്രിക്കല്‍ വേസ്റ്റുകള്‍ തുടങ്ങിയവയും മാസത്തിലൊരിക്കല്‍ വാര്‍ഡുകളിലെ ഒരു പ്രധാനപ്പെട്ട സ്ഥലത്തുവച്ച് ശുചിത്വസേന ഏറ്റെടുക്കുകയും ചെയ്യും. 

മാലിന്യരഹിത പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മഴക്കാല പൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും ജൂണ്‍ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ സേന ദൗത്യം തുടങ്ങും. മാലിന്യരഹിത പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമാക്കി പുഴയ്ക്കല്‍ പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ നിന്നും രണ്ട് പേരെ വീതം കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും തെരഞ്ഞെടുത്ത് രൂീപികരിച്ച ബ്ലോക്ക് ശുചിത്വ സേനയുടെ ഉദ്ഘാടനം കളക്ടര്‍ ടി വി അനുപമ നിര്‍വഹിച്ചു. സേനാംഗങ്ങള്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ്, യൂണിഫോം വിതരണവും കളക്ടര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ബിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. 

പാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നതുമൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന റോഡുകളും പ്രദേശങ്ങളും ജനപ്രതിനിധികള്‍, ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചിത്വ സേനാംഗങ്ങള്‍, യുവജന ക്ലബ്ബുകള്‍, വായനശാല പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശുചീകരിക്കുന്നു. 

എല്ലാ വാര്‍ഡുകളിലും പ്രധാനപ്പെട്ട സെന്‍ററുകളിലെ വീടുകളില്‍ നിന്നുളള പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ ശേഖരിക്കും. വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് റിസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നവ ആ രീതിയിലും പൊടിച്ച് ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് നല്‍കുവാന്‍ കഴിയുന്നവ അത്തരത്തിലും ചെയ്യുന്നു. ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും പൊടിച്ച പ്ലാസ്റ്റിക് ടാറിംഗിനായി നല്‍കി വരുന്നുണ്ട്.