തെരച്ചിലിനൊടുവിൽ മുരിയാട് പൂവശ്ശേരിക്കാവ് റെയിൽവെ ഗേറ്റിനും മനപ്പടി റെയിൽവെ ഗേറ്റിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിന് സമീപത്തെ മരങ്ങളുടെയും കാടിന്റെയും ഇടയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ട്രെയിൻ വരുന്നതും കാത്ത് റെയിൽവേ ട്രാക്കിനു സമീപത്തുള്ള മരങ്ങൾക്കും കാടിനും ഇടയിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി.

ആളൂർ: റെയിൽവേ ട്രാക്കിന് സമീപത്തെ മരക്കൂട്ടത്തിലെ കാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനായി ഒളിച്ചിരുന്ന പതിനൊന്നുകാരനെ രക്ഷിച്ച് തൃശ്ശൂർ റൂറൽ പൊലീസ്. പൊലീസിന്റെ അതീവ ജാഗ്രതയും മിന്നൽ വേഗത്തിലുള്ള ഏകോപനത്താലും വെറും 20 മിനിറ്റിനുള്ളിലാണ് പിഞ്ചുജീവൻ രക്ഷിത്. ഇക്കഴിഞ്ഞ നാലാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം. മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലൂടെ ഒരു കുട്ടി അമ്മയുമായി പിണങ്ങി പരിഭ്രാന്തനായി ഓടി പെട്ടന്ന് കാണാതായത് മനസ്സിലാക്കിയ നാട്ടുകാരിലൊരാളാണ് ആളൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സി.പി.ഒ സനില ഉടൻ തന്നെ വിവരം സ്റ്റേഷൻ ഗ്രൂപ്പിലും പെട്രോളിംഗ് സംഘത്തിനും കൈമാറി. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് തിരച്ചിലിന് നിർദ്ദേശം നൽകി.

Add Asianetnews as a Preferred SourcegooglePreferred

ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഹരിക്കുട്ടൻ കെ വി, പ്രിൻസിപ്പൽ എസ്.ഐ മനു പി. ചെറിയാൻ, ഗ്രേഡ് എസ്.ഐ ജയകുമാർ കെ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ആളൂർ എസ്.എച്ച്.ഒ ഉടൻ തന്നെ റെയിൽവേ അധികൃതരെ ബന്ധപ്പെട്ട് ആ സമയത്ത് കടന്നുപോകേണ്ടിയിരുന്ന ട്രെയിനുകൾ ബ്ലോക്ക് ചെയ്യിപ്പിച്ചു. റെയിൽവേ പാളത്തിലൂടെ നടന്ന് തെരച്ചിൽ നടത്തിയ സി.പി.ഒ മാരായ ശ്രീജിത്ത് എസ് , സിനേഷ് കെ എസ് എന്നിവർ കുട്ടിയുടെ അച്ഛനോട്‌ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. തെരച്ചിലിനൊടുവിൽ മുരിയാട് പൂവശ്ശേരിക്കാവ് റെയിൽവെ ഗേറ്റിനും മനപ്പടി റെയിൽവെ ഗേറ്റിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിന് സമീപത്തെ മരങ്ങളുടെയും കാടിന്റെയും ഇടയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ട്രെയിൻ വരുന്നതും കാത്ത് റെയിൽവേ ട്രാക്കിനു സമീപത്തുള്ള മരങ്ങൾക്കും കാടിനും ഇടയിൽ ഒളിച്ചിരിക്കുകയായിരുന്നു കുട്ടി. പൊലീസ് ഉദ്യോഗസ്ഥർ അതീവ സമാധാനത്തോടെ കുട്ടിയെ സംസാരിച്ച് അനുനയിപ്പിക്കുകയും, സുരക്ഷിതമായി കൂടെക്കൂട്ടി റെയിൽവേ ട്രാക്കിന്റെതന്നെ അടുത്തുള്ള കുട്ടിയുടെ വീട്ടിൽ തിരികെ എത്തിക്കുകയും ചെയ്തു. ആളൂർ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ വിവരമറിഞ്ഞ് 20 മിനിറ്റിനുള്ളിൽ തന്നെ ഇലക്ഷൻ ഡ്യൂട്ടിയ്ക്കിടെ പലയിടത്തായി ചിതറിക്കിടന്ന ആളൂർ പൊലീസ് പട്രോളിങ്ങ് ടീം ഉടനടി ഏകോപിച്ചു നടത്തിയ ഊർജിതമായ തിരച്ചിലിലൂടെ കുട്ടിയെ രക്ഷിക്കാനായി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)