വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സിന്ധുവിന്‍റെ മാല കവരുകയായിരുന്നു
തൃശൂർ: കൊടുങ്ങല്ലൂരിലെ മേത്തലയിൽ വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്നു. മേത്തലപ്പാടം അയ്യപ്പ ക്ഷേത്രത്തിന് സമീപം തേവാലിൽ റോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. റോയിയുടെ ഭാര്യ സിന്ധുവിന്‍റെ 2 പവൻ തൂക്കമുള്ള മാല നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന സിന്ധുവിന്‍റെ മാല കവരുകയായിരുന്നു. ശബ്ദം കേട്ടുണർന്ന റോയി മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും റോയിയെ ആക്രമിച്ച് തള്ളി വീഴ്ത്തിയ ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഫോറൻസിക് വിദഗ്ധരടക്കം പൊലിസിനൊപ്പം വീട്ടിലെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടൂകൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം തൃശൂരിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത തൃപ്രയാറിൽ അടച്ചിട്ട കടകള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിലായി എന്നതാണ്. വാടാനപ്പിള്ളി സ്വദേശി ബഷീര്‍ ബാബുവാണ് പിടിയിലായത്. സി സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മണിക്കൂറുകള്‍ക്കകം പ്രതിയ പിടികൂടിയത്. തൃപ്രയാർ പോളി ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന ഫൺ സൂപ്പർ മാർക്കറ്റ്, സമീപത്ത് പ്രവർത്തിക്കുന്ന നാട്ടിക സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കീഴിലുള്ള കൊതി ഹോട്ട് ചിപ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. എണ്ണായിരത്തോളം രൂപയും, ജ്യുസ്, മിഠായികൾ എന്നിവയും മോഷ്ടാവ് കവർന്നു. വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്‍റെ പുറകുവശത്തെ ഗ്രിൽ വാതിൽ തുറന്ന് കിടന്ന നിലയിലായിരുന്നു. ഇതുവഴി അകത്തു കടന്ന മോഷ്ടാവ് കടയിൽ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. മോഷണത്തിന്റെ വീഡിയോ ദൃശ്യം സ്ഥാപനത്തിനകത്തെ സി സി ടി വി ക്യാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

