കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്ത് വിടാതെ ദിവസങ്ങളായി കറങ്ങുന്ന കടുവയെ കണ്ടെത്താന്‍ വനംവകുപ്പ് ക്യാമറയുമായി പിന്നാലെ. വാളാട് ഇരുമനത്തൂരിലാണ് ഏറ്റവും ഒടുവില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടുത്തെ വയലിലും തോട്ടത്തിലുമൊക്കെ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വനംവകുപ്പ് എത്തി പരിശോധിച്ച് ഇത് കടുവയുടേത് തന്നെയെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്. 

ഇവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ജനവാസപ്രദേശമായ ഇല്ലത്തുമൂലയില്‍ കാട്ടുപോത്തിനെ കടുവ ഭക്ഷിച്ചത് കണ്ടെത്തിയിരുന്നു. ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍മാത്രം അകലെയാണ് ഒടുവില്‍ കടുവ എത്തിയിരിക്കുന്നത്. ഇരുമനത്തൂരിലെ വനമേഖല കാട്ടുപോത്തുകള്‍ എത്തുന്നയിടം കൂടിയാണ്. ഇവയെ ലക്ഷ്യംവെച്ചാകാം കടുവ പ്രദേശം വിട്ട് പോകാതിരിക്കുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ദിവസങ്ങള്‍ക്ക് മുമ്പ് തോളക്കരയില്‍ കല്ലുമൊട്ടമ്മല്‍ മോഹനന്‍ എന്നയാളുടെ പശുവിനെ കടുവ കൊന്നിരുന്നു. അന്ന് മുതല്‍ പ്രദേശത്തെ ജനങ്ങളോട് ജാഗ്രതയോടെയിരിക്കാന്‍ വനംവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. 

സാന്നിധ്യം സ്ഥീരികരിക്കുന്ന സ്ഥലങ്ങളിലെല്ലാം ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇതിലൊന്നും കടുവ ഇതുവരെ കുടുങ്ങിയിട്ടില്ല. സ്ഥിരമായി എത്തുന്ന ഇടങ്ങള്‍ കണ്ടെത്തിയാല്‍ പിന്നെ അവിടെ കൂട് സ്ഥാപിച്ച് പിടികൂടാമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. വിവിധ പ്രദേശങ്ങളില്‍ കടുവസാന്നിധ്യം സ്ഥിരീകരിച്ചതോടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് മതിയായ സംരക്ഷണം ഒരുക്കാനും വനംവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൊഴുത്തുകളില്‍ വെളിച്ചമൊരുക്കാനും കറവക്കായി തൊഴുത്തിലേക്ക് എത്തുമ്പോള്‍ ടോര്‍ച്ചും മറ്റും കരുതി പരിസരം നിരീക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം പേര്യ മേഖലയിലെ തോട്ടങ്ങളില്‍ കാട്ടുപോത്ത്, കാട്ടാട്, മാന്‍ എന്നിവയുടെ സാന്നിധ്യം സ്ഥിരമായതാണ് കടുവയെത്താന്‍ കാരണമെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.

തോട്ടങ്ങളില്‍ വിശ്രമം; രാത്രി കറക്കം

വയനാട്ടില്‍ ജനവാസപ്രദേശങ്ങളിലേക്ക് എത്തുന്ന കടുവ അടക്കമുള്ള വന്യജീവികളെ കണ്ടെത്തി തുരത്തുന്നതിന് തടസ്സമാകുന്നത് ഏക്കറുകളോളം വരുന്ന തോട്ടങ്ങളാണ്. ഒരിക്കല്‍ ജനവാസ മേഖലയിലെത്തി പശുവിനെയോ മറ്റോ ഭക്ഷണമാക്കിയ കടുവ പ്രദേശം വിട്ട് പോകാതെ ഇത്തരം കാടുമൂടിയ തോട്ടങ്ങളില്‍ വിശ്രമിക്കുകയാണ് പതിവ്. സുല്‍ത്താന്‍ബത്തേരിയില്‍ ബീനാച്ചി എസ്റ്റേറ്റിലും പരിസരത്തും ഏത് സമയവും കടുവ ഭീഷണിയുണ്ട്. ആള്‍പെരുമാറ്റം ഒഴിയുന്നത് വരെ തോട്ടങ്ങളില്‍ വിശ്രമിക്കുന്ന കടുവ രാത്രിയാകുന്നതോടെ ഇരതേടി ഇറങ്ങുകയാണ്. 

വളര്‍ത്തുപന്നികളെയും പശുക്കളെയും ഭക്ഷണമാക്കുന്ന ഇവ നേരം പുലരുന്നതിന് മുമ്പ് തന്നെ ജനവാസപ്രദേശം വിടും. ബത്തേരി-ഊട്ടി റോഡിലെ പഴൂര്‍ മേഖലയില്‍ ഏത് കടുവ നാട്ടിലിറങ്ങുമെന്നതാണ് സ്ഥിതി. കാടിനോട് ചേര്‍ന്നുള്ള ജനവാസപ്രദേശമാണിത്. ഇവിടെയുള്ള മുണ്ടക്കൊല്ലിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ രണ്ട് വീടുകളിലെ തൊഴുത്തിലെത്തി പശുക്കളെ കടുവ ആക്രമിച്ചിരുന്നു. 

പുല്‍പ്പള്ളി ചീയമ്പത്ത് നിന്ന് പുതിയ കടുവക്കഥകളൊന്നുമില്ലെങ്കിലും ജനം ജാഗ്രതയില്‍ തന്നെയാണ്. നൂല്‍പ്പുഴ പഞ്ചായത്തിലെ മറുകര കടുവ സാന്നിധ്യമുള്ള പ്രദേശമായി കണക്കാക്കിയിട്ടുണ്ട്. കാടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് നിരവധി തവണ കടുവ എത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്.