നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കൊടങ്ങാവിളയിൽ പുലി ഇറങ്ങിയതായി സംശയം. കഴിഞ്ഞ രണ്ടാഴ്ചക്കുളളിൽ നാല് ആടുകളും ഒരു നായയുമുൾപ്പടെ അഞ്ച് വളർത്തുമൃ​ഗങ്ങളാണ് പ്രദേശത്ത് ചത്തത്. പുലിയുടെ ആക്രമണത്തിലാണ് വളർത്തുമൃ​ഗങ്ങൾ ചത്തതെന്നാണ് നാട്ടുകാരുടെ നി​ഗമനം.

എന്നാൽ വനം വകുപ്പ് സംഘം എത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഇതുവരെ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പാണ് നാട്ടുകാരനായ ബാലു രാത്രിയിൽ പുലിയെ കണ്ടെന്ന് അറിയിച്ചത്. കെടങ്ങാവിളയിൽ കാടുപിടിച്ച് കിടക്കുന്ന നാല് ഏക്കർ പ്രദേശത്ത് പുലിയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

വനം വകുപ്പിന്‍റെ സ്പെഷ്യൽ സ്ക്വാഡ് അടുത്ത ദിവസം കൊടങ്ങാവിളയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൊടങ്ങാവിളക്ക് സമീപം വനമേഖലയില്ലാത്തതിനാൽ പുലി എവിടെനിന്നു വന്നു എന്ന സംശയങ്ങളും ഉയരുന്നുണ്ട്.