മെഡിക്കൽ സംഘം എത്തിയ ശേഷം തുടർ നടപടിയെന്ന് വനം വകുപ്പ് അറിയിച്ചു.
കൽപ്പറ്റ : വയനാട് ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി. വയനാട് വാകേരി ഗാന്ധി നഗറിലാണ് കടുവ സ്വകാര്യ തോട്ടത്തിൽ കിടക്കുന്നത്. കടുവയ്ക്ക് പരിക്ക് ഉണ്ടെന്നാണ് സംശയം. വനം വകുപ്പും പൊലീസും സ്ഥലത്ത് എത്തി. മെഡിക്കൽ സംഘം എത്തിയ ശേഷം തുടർ നടപടിയെന്ന് വനം വകുപ്പ് അറിയിച്ചു.
മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ് വയനാട് വാകേരിയിൽ ഇപ്പോൾ ഉള്ളത്. രാവിലെ ആറ് മണിയോടെയാണ് നാട്ടുകാരിലൊരാൾ കടുവയെ കണ്ടത്. മതിൽ ചാടിക്കടക്കാൻ സാധിക്കാത്ത നിലയിലായിരുന്നു കടുവയെന്നാണ് ഇയാൾ വ്യക്തമാക്കുന്നത്. അപ്പോൾ തന്നെ വനപാലകരെ വിവരമറിയിച്ചു. നൂറിലേറെ വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തേ കൃഷ്ണിഗിരിയിലും ചീരാലിലും ഇറങ്ങിയ കടുവയെ കൂട് വച്ച് പിടികൂടിയിരുന്നു. കടുവ ഏത് നിമിഷവും അക്രമാസക്തമാകാമെന്നതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വയനാട് മാസങ്ങളായി കടുവയുടെ സാന്നിദ്ധ്യമുണ്ടെന്ന് എംഎൽഎ ഐ സി ബാലകൃഷ്ണൻ. കടുവ അവശനിലയിലാണെന്നാണ് അറിയാൻ കഴിയുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാവിലെ തന്നെ ഡിഎഫ്ഒ വിളിച്ച് വിവരം അറിയിച്ചിരുന്നു. കടുവയെ മെഡിക്കൽ സംഘം മയക്കുവെടിവെച്ച് പിടിച്ച് ചികിത്സ നൽകാനാണ് തീരുമാനം. മയക്കുവെടിവെക്കാതെ കടുവയെ പിടികൂടി ചികിത്സിക്കാനാകില്ല. കാര്യമായ പരിക്കുകളുള്ളതിനാലാണ് ജനവാസകേന്ദ്രത്തിൽ തന്നെ തുടരുന്നതെന്നാണ് നിഗമനമെന്നും എംഎൽഎ പറഞ്ഞു.
അതേസമയം അട്ടപ്പാടി പട്ടിമാളത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ രാത്രിയാണ് ആന ഇറങ്ങിയത്. വണ്ടി കോട്ടിമാരിയമ്മൻ ക്ഷേത്രത്തിലെ കുടിവെള്ള ടാങ്കും മൈക്ക് സെറ്റിലേക്കുള്ള കണക്ഷനുകളും സിമന്റ് തറയും കാട്ടാന തകർത്തു.
Read More : കാടിനടുത്ത് മദ്യപിക്കുന്നതിനിടെ യുവാവിനെ കടുവ കൊണ്ടുപോയി, തിരിച്ചുകിട്ടിയത് പാതി തിന്ന ശരീരം!
