വയനാട് തോൽപ്പെട്ടി ഒന്നാം പാലത്തിന് സമീപത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കടുവ ചത്തതെന്നാണ് നിഗമനം
വയനാട്: കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലാണ് സംഭവം. പത്ത് വയസ്സ് പ്രായം വരുന്ന പെൺകടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വന്യജീവി സങ്കേതത്തിന് അകത്തേക്ക് സഞ്ചാരികളെയും കൊണ്ട് പോയ ഡ്രൈവർമാരാണ് കടുവയെ ചത്ത നിലയിൽ കണ്ട കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. വയനാട് തോൽപ്പെട്ടി ഒന്നാം പാലത്തിന് സമീപത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കടുവ ചത്തതെന്നാണ് നിഗമനം.
ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോട്ടയം: ഏറ്റുമാനൂർ കുറുപ്പന്തറയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറുപ്പന്തറ കൊല്ലമലയിൽ ജെയിംസ് ജോസഫ് (51) ആണ് മരിച്ചത്. കുറുപ്പന്തറ ജംഗ്ഷനിൽ വച്ച്, ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ പുറകിൽ വരികയായിരുന്ന ടോറസ് ഇടിക്കുകയായിരുന്നു. ടോറസിനടിയിൽ ബൈക്ക് അകപ്പെട്ടതോടെ ജയിംസിനെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു
തിരുവനന്തപുരം: പാറശ്ശാല പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി നിധിൻ രാജ് (22) ആണ് മരിച്ചത്. കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.
സന്യസ്ത വിദ്യാർത്ഥിനി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: സന്യസ്ത വിദ്യാർത്ഥിനിയെ മഠത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അന്നു അലക്സ് ആണ് മരിച്ചത്. കോതമംഗലം എസ് എച്ച് കോൺവെന്‍റിൽ ഇന്നലെ രാത്രിയോടെയാണ് അന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു പ്രാർത്ഥനയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് മഠത്തിലെ മറ്റ് അന്തേവാസികൾ അന്വേഷിച്ചപ്പോഴാണ് അന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാരിയിൽ തൂങ്ങിയ നിലയിലാണ് അന്നുവിനെ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് അന്നുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. കോതമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.
