കാട് കയറാതെ പുല്‍പ്പള്ളിയിലെ കടുവ; പിന്നാലെ കൂടി വനംവകുപ്പ്, പ്രതിഷേധവുമായി നാട്ടുകാരും
മൂന്നുസംഘങ്ങളായി തിരിഞ്ഞ് പടക്കംപൊട്ടിച്ചും ബഹളംവെച്ചും ദൗത്യസംഘം കുന്നിനുമുകളിലുണ്ടായിരുന്ന കടുവയെ തുരത്താനായിരുന്നു ശ്രമം.

സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളി ചേപ്പിലയില്‍ ജനവാസമേഖലയിലിറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പ് പ്രത്യേക ദൗത്യസംഘത്തിന്റെ ശ്രമം തുടരുന്നു. വ്യാഴാഴ്ച മണിക്കൂറുകളോളമെടുത്ത് നടത്തിയ ശ്രമം വിഫലമായതോടെ ഇന്നും കടുവയെ കാട് കയറ്റാനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടി (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) അംഗങ്ങളും.
വ്യാഴാഴ്ച ചേപ്പിലക്കുന്നിലെ തോട്ടത്തില്‍ കടുവയെ കണ്ടെത്തിയെങ്കിലും ഏരിയപ്പള്ളി ഭാഗം കടന്നുപോകാതെ കടുവ തിരികെ ചേപ്പിലക്കുന്നിലേക്ക് വരികയായിരുന്നു. ഇതോടെ വനപാലകരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമം പരാജയപ്പെട്ടു. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് വനംവകുപ്പ് കടുവയെ തുരത്താനുള്ള നടപടി തുടങ്ങിയത്. ഇരുളം, പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടി അംഗങ്ങളും ചേര്‍ന്നായിരുന്നു ദൗത്യം തുടങ്ങിയത്.
മൂന്നുസംഘങ്ങളായി തിരിഞ്ഞ് പടക്കംപൊട്ടിച്ചും ബഹളംവെച്ചും ദൗത്യസംഘം കുന്നിനുമുകളിലുണ്ടായിരുന്ന കടുവയെ തുരത്താനായിരുന്നു ശ്രമം. ഏരിയപ്പള്ളി, കല്ലുവയല്‍ ഭാഗങ്ങളിലൂടെ വനത്തിലേക്ക് കടുവയെ തിരികെ ഓടിക്കുകയെന്നതായിരുന്നു പദ്ധതി. എന്നാല്‍, ഏരിയപ്പള്ളി ഭാഗത്ത് പുല്‍പള്ളി-ബത്തേരി റോഡിന് സമീപത്തെത്തിയ കടുവ, വാഹനങ്ങള്‍കണ്ട് തിരികെ കുന്നിലേക്കുതന്നെ കയറിയതോടെ അതുവരെ എടുത്ത എല്ലാ ശ്രമങ്ങളും വെറുതെയായി.
സന്ധ്യയാതോടെ വനംവകുപ്പ് ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. കടുവയെ തുരത്താനുള്ള നടപടി വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് സ്ഥലത്തെത്തിയ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അറിയിച്ചിരുന്നു. ഏരിയപ്പള്ളി ഭാഗങ്ങളില്‍ കടുവ ഇറങ്ങിയെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളില്‍ ബുധനാഴ്ച രാത്രിയാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്.
നാലുവയസ്സോളം പ്രായമുള്ള ആരോഗ്യമുള്ള കടുവയാണെന്നാണ് വനംവകുപ്പ് പറയുന്നത്. അതേ സമയം കടുവയെ തുരത്താനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും ഈ പ്രദേശങ്ങളിലെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. വനത്തിലേക്ക് തുരത്തുന്നതിന് പകരം കൂട് വെച്ച് പിടികൂടണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.
തുരത്താനുള്ള നടപടി ഉപേക്ഷിച്ച് കൂടുസ്ഥാപിച്ച് പിടികൂടണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. കടുവയെ കൂടുസ്ഥാപിച്ചോ മയക്കുവെടിവെച്ചോ പിടികൂടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമരപ്രഖ്യാപനവും നടത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്.
കരിമ്പ് ലോറി തടഞ്ഞ് 'തങ്ങളുടെ പങ്ക്' വാങ്ങി ആനയും കുട്ടിയാനയും - വൈറല്‍ വീഡിയോ