20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായാണ് തെരച്ചിൽ. ലൈവ് സ്ട്രീമിംഗ് ക്യാമറകളും ഡ്രോണുകളും ഉൾപ്പെടെ ഉപയോഗിച്ചള്ള തെരെച്ചിലാണ് വനം വകുപ്പിന്റെ തുടരുന്നത്.

കാളികാവ്: മലപ്പുറം കാളികാവിലെ ആളെക്കൊല്ലി കടുവ കേരള എസ്റ്റേറ്റിലെന്ന നിഗമനത്തിൽ വനം വകുപ്പ്. കേരള എസ്റ്റേറ്റിനടുത്തുള്ള മദാരികുണ്ട് വെള്ളച്ചാട്ടത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കാൽപാടുകൾ കണ്ടെത്തി. പരിസരവാസികൾ
ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ മാസം 15ന് ആണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ ല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുൽസമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനുമേൽ ചാടിവീണ് കഴുത്തിനുപിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചുകൊണ്ടുപോയത്.

സംഭവത്തിന് പിന്നാലെ കടുവക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ് വനംവകുപ്പ്. 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായാണ് തെരച്ചിൽ. ലൈവ് സ്ട്രീമിംഗ് ക്യാമറകളും ഡ്രോണുകളും ഉൾപ്പെടെ ഉപയോഗിച്ചള്ള തെരെച്ചിലാണ് വനം വകുപ്പിന്റെ തുടരുന്നത്. കടുവ കേരള എസ്റ്റേറ് ഭാഗം വിട്ട് മറ്റെവിടേയും പോയിട്ടില്ലെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. മലപ്പുറം കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞൾപ്പാറ, മദാരികുണ്ട്, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കർ, 50 ഏക്കർ പാന്ത്ര മുതലായ ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ആളുകൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വനം‌ വകുപ്പ് അറിയിപ്പ്. 

രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പൊതുജനങ്ങൾ ദയവായി സഹകരിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടു. അതിനിടെ സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി ഇറങ്ങി. പാട്ടവയൽ റോഡിൽ സെന്റ് ജോസഫ്സ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ മൊബൈൽ ദൃശ്യം പകർത്തിയത്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് പുലിയുടെ ദൃശ്യം മൊബൈലിൽ പകർത്തിയത്.