ശക്തമായ കാറ്റിലും പേമാരിയിലും തലവടിയിൽ മരം വീണ് വീട് തകർന്നു. സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.
എടത്വാ: ശക്തമായ കാറ്റിലും പേമാരിയിലും തലവടിയിൽ മരം വീണ് വീട് തകർന്നു. സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ ഇരുപതിൽചിറ (നമ്പ്രശ്ശേരി) ഗീതാകുമാരിയുടെ വീടിന് മുകളിൽ പ്ലാവ് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വീട്ടിൽ ഗീതാകുമാരിയും ബൈജുവും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവും മാത്രമാണുണ്ടായിരുന്നത്. കാറ്റടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീ കത്തുന്നത് കണ്ട അഭിനവ് വീട്ടിലേയ്ക്ക് ഓടിയെത്തുമ്പോഴാണ് മരം വീണത്. കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വാളകത്തിൽ പാലത്തിന് സമീപം ആഞ്ഞിലിമരം റോഡിലേയ്ക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പിന്നീട് ഫയർ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തകഴി, എടത്വാ, തലവടി പ്രദേശങ്ങളിൽ കാറ്റ് വ്യാപകമായി നാശം വിതച്ചിരുന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. കാറ്റിനെ തുടർന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിശ്ചേദിച്ചു. പലസ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല.