ലൈസൻൻസ് ഇല്ലാതെ പാറ കടത്തിയതിനാണ് ലോറി പിടിച്ചതെന്ന് പൊലീസ്.

ഇടുക്കി: ജിയോളജി വകുപ്പിന്‍റെ പാസില്ലാതെ കരിങ്കല്ലുമായെത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ടിപ്പർ ജോലിക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലായിരുന്നു സമരം. പാസില്ലാതെ കറുപ്പുപാലം ഭാഗത്ത് നിന്നും കരിങ്കല്ലുമായെത്തിയ ടിപ്പർ ലോറി രസഹ്യ വിവരത്തെ തുടർന്ന് വണ്ടിപ്പെരിയാർ എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയിരുന്നു. ലോറി ഡ്രൈവർ അറുപത്തി രണ്ടാം മൈൽ സ്വദേശി ഷക്കീറിനെതിരെ കേസുമെടുത്തു. 

ഇതിന് ശേഷം എച്ച്എംഎൽ എസ്റ്റേറ്റിൽ നിന്നും അനുമതിയില്ലാതെ കരിങ്കല്ല് ശേഖരിച്ച വാളാടി സ്വദേശി ഗോപിയുടെ പിക്കപ്പ് തോട്ടമുടമകൾ പിടികൂടി പൊലീസിനു കൈമാറി. വാഹനം പിഴ ഈടാക്കിയ ശേഷം വിട്ടുനൽകാൻ പൊലീസ് നടപടികളാരംഭിച്ചു. ഇതോടെയാണ് ആദ്യം പിടികൂടിയ ടിപ്പർ ലോറിയും വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സിപിഎം സിഐടിയു നേതാക്കളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. നാല് ടിപ്പർ ലോറികൾ പൊലീസ് സ്റ്റേഷൻ മുറ്റത്ത് കയറ്റിയിട്ടായിരുന്നു പ്രതിഷേധം. തുടർന്ന് പീരുമേട് ഡിവൈഎസ്‍പി ഇടപെട്ട് വണ്ടിപെരിയാർ, കുമളി സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരുമായി ചർച്ച നടത്തി. കഴിഞ്ഞ കുറെ നാളുകളായി വണ്ടിപ്പെരിയാറിലെ വിവിധ പ്രദേശങ്ങളിൽ അനധികൃതമായി പാറ ഖനനം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നടന്ന പരിശോധനയിലാണ് കല്ല് കയറ്റിവന്ന ലോറി വണ്ടിപ്പെരിയാർ പൊലീസ് പിടികൂടിയത്.