കുട്ടനാട്ടിൽ പാടത്തെ വെള്ളം വറ്റിച്ച്‌ കൃഷി നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണു പെട്ടിയും പറയും...

കൊച്ചി: കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്‌ ഉണ്ടാകാതിരിക്കാൻ പരന്പരാഗത രീതിയായ പെട്ടിയും പറയും സമ്പ്രദായം പുനഃസ്ഥാപിക്കാൻ നഗരസഭ നടപടി തുടങ്ങി. ആദ്യഘട്ടമായി പനമ്പിള്ളി നഗ‌റിലും പിവിഎസ് ആശുപത്രിക്ക് സമീപവും ഇവ സ്ഥാപിക്കും. മഴ ശക്തമാകുന്നതിനു മുമ്പ് പണി പൂർത്തിയാക്കാനാണ് തീരുമാനം.

കുട്ടനാട്ടിൽ പാടത്തെ വെള്ളം വറ്റിച്ച്‌ കൃഷി നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് പെട്ടിയും പറയും. കൊച്ചിയിൽ കായലിലേക്കൊഴുകുന്ന കനാലിലേക്ക് വെള്ളം പന്പു ചെയ്യാനാണ് ഇതുപയോഗിച്ചിരുന്നത്. കുറച്ചു വർഷം മുന്പുവരെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, മുല്ലശ്ശേരി കനാൽ, യാത്രി നിവാസ്, സുഭാഷ്ചന്ദ്ര ബോസ് റോഡ് തുടങ്ങി പതിനൊന്ന് സ്ഥലത്ത് ഇതുണ്ടായിരുന്നു. 

ബദൽ സംവിധാനമുണ്ടാക്കാതെ കഴിഞ്ഞ ഭരണസമിതി ഇതിൽ പലതും ഒഴിവാക്കി. 25 ലക്ഷം രൂപയ്ക്ക് സ്ഥാപിച്ച പെട്ടിയും പറയും നിസ്സാര വിലയ്ക്ക് നഗരസഭ ലേലംചെയ്തു വിറ്റു. ഇതിൽ രണ്ടെണ്ണമാണ് ഉടൻ പുനഃസ്ഥാപിക്കുക. 54 ലക്ഷത്തോളം രൂപയാണ് ഒരെണ്ണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

മുല്ലശ്ശേരി കനാലിന്റെ ഭാഗമായ വിവേകാനന്ദ തോട്ടിലെ പമ്പിന്റെ ശേഷി കൂട്ടുകയും കെഎസ്ആർടിസി സ്റ്റാൻറിന് സമപത്തേത് നവീകരിക്കുകയും ചെയ്യും. വേലിയേറ്റ സമയത്തു പോലും വെള്ളം കയറുന്ന പനമ്പിള്ളി നഗറിലും പുതിയത് സ്ഥാപിക്കും. നാളെ ടെന്റർ തുറന്ന് കരാർ നൽകും. 10 ദിവസം കൊണ്ട് പണി പൂർത്തിയാക്കണമെന്ന് കരാറുകാർക്ക് നിർദ്ദേശം നൽകും. വെള്ളക്കെട്ട്‌ വിഷയത്തിൽ കോടതി കൃത്യമായി ഇടപെടുന്നതിനാൽ പ്രവർത്തനങ്ങൾ കോടതിയെ അറിയിക്കുന്നുമുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona