പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് റോഡില്‍ തനിയെ നില്‍ക്കുന്ന പിഞ്ചുകുഞ്ഞിനെ കണ്ടത്. ഉടൻ വണ്ടി നിർത്തി കുഞ്ഞിനെ വാരിയെടുത്തു. കോഴിക്കോട് നാദാപുരത്താണ് സംഭവം.

കോഴിക്കോട്: വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് റോഡരികില്‍ തനിയെ നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ രക്ഷകരായി മാറിയത്. നാദാപുരം കക്കംവെള്ളിയിലാണ് ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കക്കംവെള്ളി സ്വദേശികളുടെ രണ്ട് വയസ്സുകാരന്‍ മകന്‍ കളിക്കുന്നതിനിടെ റോഡരികിലേക്ക് പോവുകയായിരുന്നു. കുഞ്ഞ് റോഡരികിലേക്ക് പോയത് വീട്ടുകാര്‍ അറിഞ്ഞില്ല. ഈ സമയത്ത് പട്രോളിങ് നടത്തുകയായിരുന്നു നാദാപുരം കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരായ കൈതക്കല്‍ രാജന്‍, സജിത് മുള്ളേരിയ, രജീഷ് ചേലക്കാട്, ഷിബിന്‍ തുടങ്ങിയവര്‍. 

പൊലീസുകാര്‍ക്ക് നന്ദി പറഞ്ഞ് അമ്മ

റോഡരികില്‍ ഒരു പിഞ്ചുകുഞ്ഞ് തനിയെ നില്‍ക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയിൽ പെട്ടു. ഇവര്‍ വാഹനം നിര്‍ത്തി. സുജിത്ത് വാഹനത്തില്‍ നിന്നിറങ്ങി കുഞ്ഞിനെ വാരിടുത്തു. നിമിഷങ്ങള്‍ക്കുള്ളിൽ പരിഭ്രാന്തിയോടെ കുഞ്ഞിനെ തേടി അമ്മ എത്തി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പരിഭ്രമിച്ചു പോയ അമ്മയ്ക്ക് പൊലീസിന്‍റെ കൈകളില്‍ സുരക്ഷിതമായി തന്റെ പൊന്നോമനയെ കണ്ടതോടെ ആശ്വാസമായി. പൊലീസുകാര്‍ക്ക് നന്ദി പറഞ്ഞാണ് അവര്‍ കുഞ്ഞുമായി വീട്ടിലേക്ക് തിരിച്ചു പോയത്.