ശുദ്ധജല പദ്ധതികളുടെ പ്രവർത്തനം ഉൾപ്പെടെ അവതാളത്തിലായതോടെ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്‍റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കട്ടപ്പന: ഇടുക്കി കട്ടപ്പനയ്ക്ക് അടുത്തുള്ള ഇരട്ടയാർ അണക്കട്ടിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ രാംലാൽ, സന്തോഷ് എന്നിവരാണ് പിടിയിലായത്. ആറാം തീയതി രാത്രിയിലാണ് സംഭവം. കട്ടപ്പന നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് ഇരട്ടയാർ അണക്കെട്ടിൽ രണ്ടിടങ്ങളിലായി തള്ളിയത്. തുടർന്ന് രാത്രി തന്നെ ഡ്രൈവറായ ആലപ്പുഴ തേവർവട്ടം രാംനിവാസിൽ രാംലാലും, സഹായിയായ എരമല്ലൂർ സന്തോഷ് ഭവനിൽ സന്തോഷും വാഹനവുമായി ആലപ്പുഴയിലേയ്ക്ക് കടന്നു.
ശുദ്ധജല പദ്ധതികളുടെ പ്രവർത്തനം ഉൾപ്പെടെ അവതാളത്തിലായതോടെ ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്‍റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ വേഗത്തിൽ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർ കട്ടപ്പന ഡിവൈഎസ്പിക്ക് കത്തും നൽകി. തുടർന്ന് ഇരട്ടയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനം പൊലീസ് കണ്ടെത്തിയത്.
തുടർന്ന് രാംലാലിനെയും സന്തോഷിനെയും കട്ടപ്പന സ്റ്റേഷനിൽ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പടുത്തുകയായിരുന്നു. ടാങ്കർ ലോറിയുടെ വാൽവ് തകരാറിലായതിനെ തുടർന്നാണ് മാലിന്യം ജലസംഭരണിയിൽ തള്ളിയതെന്നാണ് പ്രതികളുടെ വിശദീകരണം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കൽ, കുടിവെള്ളം മലിനമാക്കൽ, പൊതുജന ആരോഗ്യം നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. .
കഴിഞ്ഞ ദിവസം നീണ്ടൂരില്‍ വിളവെടുപ്പു നടത്തി പാടശേഖരത്തിൽ പടുതയിട്ട് മൂടി സൂക്ഷിച്ചിരുന്ന നെല്ലിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം നിക്ഷേപിച്ചത് വലിയ വാര്‍ത്തയായി മാറിയിരുന്നു. നീണ്ടൂർ മുടക്കാലി പാലത്തിനു സമീപം വെള്ളിക്കണ്ണി പാടശേഖരത്തിലാണ് സാമൂഹ്യ വിരുദ്ധരുടെ മന:സാക്ഷിയില്ലാത്ത പ്രവൃത്തിയുണ്ടായത്. കൊയ്തു മെതിച്ച് സൂക്ഷിച്ചിരുന്ന നെല്ല് ഇന്നലെ രാവിലെ പടുത നീക്കി ചാക്കിൽ നിറയ്ക്കുന്നതിനിടയിലാണ് നെൽ കൂനയുടെ അടിഭാഗം നനഞ്ഞിരിക്കുന്നത് കർഷകരുടെ ശ്രദ്ധയിൽ പെട്ടത്. രണ്ട് ഏക്കറിൽ നിന്ന് വിളവെടുത്ത നെല്ലാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
കുറഞ്ഞ ചെലവിൽ വിദേശ ഭാഷ പഠിച്ചാലോ? സൗകര്യമൊരുക്കി നോർക്ക, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
