രാജ്യവ്യാപകമായി ടോൾ പ്ലാസകളിൽ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയെങ്കിലും പാലിയേക്കര ടോൾ പ്ലാസയിൽ ഇത് നടപ്പായില്ല. ഭൂരിഭാഗം യാത്രക്കാരും ഓൺലൈൻ സംവിധാനം ഉപയോഗിക്കാത്തതാണ് കാരണമായി അധികൃതർ പറയുന്നത്. 

തൃശൂര്‍: പുതുക്കാട് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയുള്ള ടോള്‍ പിരിവ് നടപ്പായില്ല. രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമേ ടോള്‍പിരിവ് നടത്തുകയുള്ളൂ എന്ന ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും പാലിയേക്കരയില്‍ ഇത് നടപ്പിലാക്കിയില്ല. ബി.ഒ.ടി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പന്നിയങ്കര ടോള്‍ പ്ലാസയില്‍ നേരത്തേ യു.പി.ഐ സംവിധാനം നടപ്പാക്കിയിട്ടും പാലിയേക്കരയില്‍ ഇപ്പോഴും പഴയ രീതിയിലാണ് ടോള്‍ പിരിക്കുന്നത്.

വാഹന യാത്രക്കാരില്‍ വലിയ ശതമാനം ഇപ്പോഴും ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാത്തവരുണ്ട് എന്നതാണ് പുതിയ നിര്‍ദ്ദേശം നടപ്പാക്കാത്തതിന് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്ന ന്യായം. യു.പി.ഐ ഇല്ലാത്ത സാഹചര്യത്തില്‍ ഇ-ചലാന്‍ വഴി തുക ഈടാക്കണം എന്നാണ് എന്‍.എച്ച്.എ.ഐ പറയുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നു.

വെള്ളിയാഴ്ച മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരുമെന്നും ടോള്‍പിരിവ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണെന്നും ടോള്‍ അടയ്ക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യു.പി.ഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നും എന്‍.എച്ച്.എ.ഐ അറിയിച്ചിരുന്നു. ഇതിനായി എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. ഫാസ്ടാഗ് ഇല്ലാത്തതോ പ്രവര്‍ത്തന ക്ഷമമല്ലാത്തതോ ആയ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് യു.പി.ഐ വഴി പണമടയ്ക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ടോള്‍തുകയുടെ 25 ശതമാനം തുക അധികമായി നല്‍കേണ്ടി വരും.

ടോള്‍ പ്ലാസകളില്‍ പണം നല്‍കാനായി വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റ് ആകുന്നതോടെ വാഹനങ്ങള്‍ക്ക് വേഗത്തില്‍ കടന്നുപോകാന്‍ സാധിക്കും. ചില്ലറ നല്‍കുന്നതിനെ ചൊല്ലിയും ടോള്‍ ബൂത്തുകളില്‍ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും ഇതിലൂടെ ഇല്ലാതാക്കാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ച് സ്വകാര്യ വാഹനത്തിന് നേടിയിരുന്ന ടോള്‍ ഇളവുകള്‍ ഇനി മുതല്‍ നല്‍കില്ലെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രത്യേക ഫാസ്ടാഗ് പതിപ്പിച്ചിട്ടുള്ള ഔദ്യോഗിക വാഹനങ്ങള്‍ക്ക് മാത്രമേ ഇനി ടോള്‍ ഇളവിന് അര്‍ഹതയുണ്ടാകൂ. ടോള്‍ ഇളവുകളുടെ ദുരുപയോഗം കുറയ്ക്കുന്നതിനും ടോള്‍ പ്ലാസകളിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും പുതിയ നിര്‍ദ്ദേശം ഉപകരിക്കുമെന്നാണ് കരുതുന്നത്.